പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വിലക്കണം.., ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് നടന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ചിത്രം. തുടര്‍ന്ന് കുരുതി, ഭ്രമം എന്നീ സിനിമകളും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു.

കൂടാതെ ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ സാഹചര്യങ്ങളാണ് ഒടിടി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് പൃഥ്വിരാജിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. മരക്കാര്‍ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒടിടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ഇതിനിടെ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

Vijayasree Vijayasree :