‘ജോജി’യിലെ തെറികള്‍ ഈപറയുന്ന തരത്തില്‍ കടുപ്പമുള്ളതാണെന്ന തോന്നല്‍ എനിക്കില്ല; ആ വാക്കുകള്‍ അലോസപ്പെടുത്തിയവരോട് സ്നേഹവും സഹതാപവും മാത്രമേയുള്ളൂവെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോജി. ഫഹദ് ഫാസിലായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ സിനിമക്കെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍.

സിനിമയില്‍ അനാവശ്യമായി തെറികള്‍ ഉപയോഗിക്കുന്നുവന്നും ഇത് സിനിമ ആസ്വദിക്കുന്നതിന് തടസ്സമായെന്നുമായിരുന്നു കൂടുതല്‍ വന്ന വിമര്‍ശനങ്ങളില്‍ ഒന്ന്. മലയാളം സിനിമകള്‍ ഒടിടി റിലീസിനെത്താന്‍ തുടങ്ങിയതോടെ ചിത്രങ്ങളില്‍ തെറിവിളികളും അത്തരം പദപ്രയോഗങ്ങള്‍ വര്‍ധിച്ചുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശ്യാം പുഷ്‌കരന്റെ പ്രതികരണം.

‘സമൂഹത്തിന്റെയും ജീവിതത്തിന്റെയും പ്രതിഫലനമായാണ് ഞാന്‍ സിനിമയെ കാണുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന പ്രദേശത്ത് ആളുകള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ കണ്ടുപരിചയിച്ച ജീവിതത്തെ അതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല.

നമുക്കു ചുറ്റിനും നടക്കുന്ന കാര്യത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഇത്രത്തോളം ഞെട്ടലുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സ്വീകരണമുറിയിലേക്ക്, സിനിമയിലൂടെ യാഥാര്‍ത്ഥ്യം പെട്ടെന്നു കടന്നുവന്നതിന്റെ അങ്കലാപ്പാകാം ഇത്. തെറി ഉള്‍പ്പെടുത്തിയതുകൊണ്ട് പൂര്‍ണമായ അര്‍ത്ഥത്തില്‍ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നൊക്കെ പലരും പറഞ്ഞു.

‘ജോജി’യിലെ തെറികള്‍ ഈപറയുന്ന തരത്തില്‍ കടുപ്പമുള്ളതാണെന്ന തോന്നല്‍ എനിക്കില്ല. പക്ഷേ, പലരുടെയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ആ വാക്കുകള്‍ അവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി. അവരോടും എനിക്ക് സ്നേഹവും സഹതാപവും മാത്രമേയുള്ളൂ. ആ അലോസരപ്പെടലുകള്‍ കാലത്തിനൊപ്പം മാറുക തന്നെ ചെയ്യുമെന്നും ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

Vijayasree Vijayasree :