അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ചെടുത്തതോടെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താലിബാന് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളും ഹിന്ദുത്വ ഭീകരതയും ഒരേ പോലെ തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കര്‍.
ഒരു വശത്തെ ന്യായീകരിക്കുകയും മറ്റൊരു വശത്തിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ കണ്ട് അത്ഭുതപ്പെടാനും ആവില്ലെന്നും സ്വര ഭാസ്കര്‍ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരാളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരെന്നോ, ആക്രമികള്‍ ആരെന്നോ നോക്കിക്കൊണ്ടായിരിക്കരുതെന്നും താരം വ്യക്തമാക്കി.’
നമ്മള് ഒരിക്കലും ഹിന്ദുത്വ ഭീകരതയോട് യോജിക്കാനും താലിബാന് ഭീകരത കണ്ട് അത്ഭുതപ്പെടുകയും ചെയ്യരുത്. അത് പോലെ തന്നെ താലിബാന് ഭീകരതയെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദുത്വ ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ശരിയല്ല. നമ്മുടെ മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെയോ, അക്രമികളുടെയോ വ്യക്തിത്വത്തിന് അനുസരിച്ചായിരിക്കരുത്’ എന്നും സ്വര ഭാസ്കര്‍ പറഞ്ഞു.
അതേസമയം, നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന് ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ അല്ലെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിംഗ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും’ എന്നുമാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് പറഞ്ഞത്. പിന്നാലെ ഈ പോസ്റ്റ് പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു.