മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്യണം, ഇല്ലെങ്കില്‍ സണ്ണി ലിയോണിനും സംഗീത സംവിധായകനുമെതിരെ നിയമ നടപടി; നൃത്തം മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ വീഡിയോ ആല്‍ബം പിന്‍വലിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ആവശ്യം. വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നടിയ്ക്കും സംഗീത സംവിധായകനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആല്‍ബത്തിലെ വരികള്‍ മാറ്റുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ വീഡിയോ ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം നീക്കം ചെയ്യണമെന്നാണ് മധ്യപ്രദേശിലെ മന്ത്രി നരോത്തം മിശ്ര ആവശ്യപ്പെട്ടത്. ആല്‍ബം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ സണ്ണി ലിയോണിക്കും സംഗീത സംവിധായകന്‍ സഖീബ് തോഷിക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ച് നരോത്തം മിശ്ര രംഗത്ത് വന്നത്.

കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വരികളെ അശ്ലീലം കലര്‍ത്തി നൃത്താവിഷ്‌കാരം ഒരുക്കിയെന്നാരോപിച്ച് വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. വ്യാഴാഴ്ച്ചയാണ് സംഗീത കമ്പനിയായ സരിഗമ മ്യൂസിക്കിന്റെ മധുബന്‍ എന്ന ആല്‍ബം പുറത്തിറങ്ങിയത്. കനിക കപൂറും അരിന്ദം ചക്രവര്‍ത്തിയുമാണ് ആല്‍ബത്തില്‍ പാടിയിരിക്കുന്നത്.

നേരത്തെ ആല്‍ബം നിരോധിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പുരോഹിതനായ സന്ത് നവല്‍ഗിരി മഹാരാജും പറഞ്ഞിരുന്നു. പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സന്ത് മഹാരാജ് പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആല്‍ബത്തിന്റെ വരികളും പേരും മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കളായ സരിഗമ മ്യൂസിക് വ്യക്തമാക്കി. എന്നാല്‍ സണ്ണി ലിയോണ്‍ വിമര്‍ശനത്തോട് പ്രതികരിച്ചിട്ടില്ല.

Vijayasree Vijayasree :