സുധ ചന്ദ്രനുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നു..,അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല്‍ അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ, സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ഉറപ്പ് നല്‍കി സിഐഎസ്എഫ്

സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമകാല്‍ അഴിപ്പിച്ച സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രനോട് മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളത്തിലെ പരിശോധനക്കിടെ ഇടയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നതില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സുധാചന്ദ്രന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മാപ്പ് ചോദിച്ച് സിഐഎസ്എഫ് രംഗത്തെത്തിയത്. അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ കൃത്രിമകാല്‍ അഴിപ്പിച്ച് പരിശോധിക്കേണ്ടതുള്ളൂ എന്നതാണ് പ്രോട്ടോക്കോള്‍. എന്തുകൊണ്ടാണ് സുധ ചന്ദ്രന് ഇത്തരത്തിലൊരു അവസ്ഥ നേരിടേണ്ടി വന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തും.

സുധ ചന്ദ്രനുണ്ടായ വിഷമത്തിനും ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നു എന്നാണ് സിഐഎസ്എഫ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സുധ പ്രതികരിച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയയാകാറുണ്ട്. ഓരോ പ്രാവശ്യവും കൃത്രിമക്കാല്‍ ഊരി മാറ്റുന്ന വേദനാജനകമായ കാര്യമാണ്.

പ്രധാനമന്ത്രി നരേന്ദ മോദി സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ അധികൃതരും തന്റെ ആവശ്യം അംഗീകരിച്ച് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷിക്കുന്നു എന്നാണ് വീഡിയയില്‍ താരം പറയുന്നത്. ഇത് വൈറലായതിന് പിന്നാലെ സുധ ചന്ദ്രനെ പിന്തുണച്ച് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ന്യായമായ ആവശ്യമാണെന്നും നീതി ഉറപ്പാക്കണമെന്നുമാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാര്‍ അപകടത്തിലാണ് നര്‍ത്തകിയായിരുന്ന സുധ ചന്ദ്രന്റെ കാല്‍ അപകടത്തില്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാല്‍ വെച്ച് നൃത്തത്തിലേക്കും അഭിനയരംഗത്തേക്കും തിരിച്ചെത്തുകയായിരുന്നു.

Vijayasree Vijayasree :