എന്റെ ആഗ്രഹം സാധിച്ചു!! പക്ഷെ അത് എന്‍റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് കരുതിയില്ല; ശ്രീവിദ്യ മുല്ലച്ചേരി

മലയാളി ടെലിവിഷൻ  പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഷോയിൽ മത്സരാർഥിയായി എത്തി ആഴ്ചകൾ കൊണ്ട് തന്നെ പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് കഴിഞ്ഞു. തനതായ കാസർഗോഡ് ഭാഷ ശൈലിയാണോ അതോ  മികച്ച ഗെയിമുകളാണോ ഏതാണ് ഈ താരത്തെ പ്രിയപ്പെട്ടവളാക്കിയത് എന്ന് പ്രേക്ഷകർക്ക് മാത്രമേ അറിയൂ. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം തന്റെ ജീവിതം മാറ്റിമറിച്ച സ്റ്റാർ മാജിക് യാത്രയെക്കുറിച്ചു മനസ് തുറക്കുകയാണ്.

“ഞാൻ സ്റ്റാർ മാജിക്കിന്‍റെ വലിയ ആരാധികയായിരുന്നു. അതുകൊണ്ട് ആ പരിപാടിയിൽ പങ്കെടുക്കണമെന്നത്  എന്‍റെ വലിയ ആഗ്രഹം ആയിരുന്നു. അങ്ങനെ അതിനു ഒരു അവസരം കിട്ടി, എന്‍റെ ആവേശത്തിന് കണക്കില്ലായിരുന്നു. പക്ഷെ അത് എന്‍റെ ജീവിതം തന്നെ മാറ്റിമറിക്കും എന്ന് ഞാൻ കരുതിയില്ല. ഞാൻ ചെയ്ത എപ്പിസോഡ് ടെലികാസ്റ് ചെയ്തപ്പോൾ ഞാൻ ദുബായായിൽ ആയിരുന്നു. ഷോയിൽ എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപ്പോ ഞാൻ കരുതി, ആഗ്രഹം സാധിച്ചു, കഴിഞ്ഞു.

എന്നാൽ എന്നെ ഞെട്ടിക്കുന്നതാണ് പിന്നെ നടന്നത്. ദുബായ് എയർപോർട്ടിൽ ഒരുപാട് പേര് എന്നെ വന്നു പരിചയപ്പെട്ടിട്ട് ചോദിച്ചു സ്റ്റാർ മാജിക്കിലെ ശ്രീവിദ്യ അല്ലെ എന്ന്. ഇത് തന്നെയായിരുന്നു കൊച്ചി എയർപോർട്ടിലും. ഞാൻ ഞെട്ടിപ്പോയി. ടിവി താരങ്ങളെ ആളുകൾ വല്ലാതെ സ്നേഹിക്കും, അവരിൽ ഒരാളായി കാണും എന്നൊക്കെ ഉള്ളത് എനിക്ക് അന്നാണ് മനസിലായത് എന്ന് ശ്രീവിദ്യ പറഞ്ഞു.

ആദ്യമൊക്കെ വല്ലാത്ത പേടിയായിരുന്നു. ഡാൻസ് കളിക്കുമ്പോഴും സ്കിറ്റ് ചെയ്യുമ്പോഴും ഒക്കെ ആളുകൾ അത് എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. എന്ന് വെച്ച് അവർക്കു മുന്നിൽ ഫേക്ക് ആകില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഞാൻ ഞാനായിട്ട് തന്നെ നിക്കും. ഇപ്പോൾ അതാണ് ഏറ്റവും സന്തോഷം, ആളുകൾ എന്നെ ഞാൻ ആയി തന്നെയാണ് സ്നേഹിക്കുന്നത്”, എന്നും താരം പറഞ്ഞു.

എന്തായാലും പ്രേക്ഷകരുടെ സ്നേഹത്തിനൊപ്പം മലയാളം സിനിമയിലേക്കുള്ള ഒരു സ്വപ്ന എൻട്രി തന്നെയാണ് ശ്രീവിദ്യക്കു ഇപ്പോൾ കിട്ടിയിരിക്കുന്നത്. ഒരുപിടി നല്ല സിനിമകളും കഥാപാത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ. “കുറച്ചു നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യാൻ കഴിഞ്ഞു. പുലിമുരുഗൻ സംവിധായകൻ, വൈശാഖ് സാറിന്‍റെ അടുത്ത സിനിമയിൽ നല്ലൊരു വേഷം ചെയ്തിട്ടുണ്ട്. ഒരു ടോംബോയ് കഥാപാത്രമാണ്, അതിന്‍റെ മെയ്ക്ഓവർ വളരെ കഷ്ട്ടപ്പെട്ടു ചെയ്തതാണ്,” ശ്രീവിദ്യ പറഞ്ഞു

സിനിമകളുടെ തിരക്കൊക്കെ വന്നു തുടങ്ങുമ്പോൾ സ്റ്റാർ മാജിക് വിടില്ലേ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല എന്നാണ് താരത്തിന്‍റെ ഉത്തരം. “എത്ര തിരക്കാണെങ്കിലും സ്റ്റാർ മാജിക് ഫ്ലോറിൽ വരാൻ ഞാൻ സമയം കണ്ടെത്തും. ചില ദിവസങ്ങളിൽ 4 മണി വരെ സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ട് 6 മണിക്ക് ഞാൻ സ്റ്റാർ മാജിക് സെറ്റിൽ എത്തിയിട്ടുണ്ട്. എന്നിട്ട് ബ്രേക്ക് ടൈമിൽ റെസ്റ്റ് എടുക്കും. എനിക്കിനി ആളുകളെ എന്‍റര്‍ടെയ്ൻ ചെയ്യാൻ ഒന്നുമില്ല എന്ന് തോന്നുന്നത് വരെ ഞാൻ ഇത് മുടക്കില്ല,” താരം പറയുന്നു.


Vijayasree Vijayasree :