മലയാളികളെ മുഴുവന്‍ പറയേണ്ട സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മതി.., ദിലീപിനോടുള്ള വ്യക്തിവൈരാഗ്യം ഒന്നുകൊണ്ട് മാത്രമല്ലേ നികേഷിനെ പിന്തുണയ്ക്കുന്നത്; നികേഷ് കുമാറിനെ പിന്തുണച്ചെത്തിയ ശ്രീകുമാര്‍ മേനോന് എതിരെ സോഷ്യല്‍ മീഡിയ

കോടതിയുടെ അനുമതിയില്ലാതെ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇതിനു പിന്നാലെ നികേഷ് കുമാറിനെ പിന്തുണച്ച് പുതിയ ഹാഷ്ടാഗുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ രംഗത്ത് വന്നു. നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നല്‍ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണ് എന്നും വിഷയത്തില്‍ നികേഷിനെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.

താന്‍ നികേഷിനൊപ്പം ആണെന്ന് അറിയിക്കുന്നതിനൊപ്പം മലയാളി നികേഷിനൊപ്പമാണ് എന്നും സംവിധായകന്‍ പോസ്റ്റില്‍ കുറിച്ചു. നികേഷ് സത്യത്തിനായി നിലപാടെടുത്ത ഓരോ സംഭവങ്ങളും സൃഷ്ടിച്ച കോളിളക്കം നമുക്കു മുന്നിലുണ്ടെന്നും ശ്രീകുമാര്‍ അവകാശപ്പെട്ടു. എന്നാല്‍, പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ അദ്ദേഹത്തിന്റെ പോസ്റ്റിന്റെ അവകാശവാദങ്ങളെ അമ്‌ബേ പരാജയപെടുത്തുന്നതായിരുന്നു.

മലയാളികളെ മുഴുവന്‍ പറയേണ്ടെന്നും സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമുള്ള വിമര്‍ശനമാണ് കമന്റ് സെക്ഷനിലുള്ളത്. ശ്രീകുമാറിനൊപ്പം നികേഷിനെയും വിമര്‍ശിക്കുന്നവരുടെ എണ്ണം കുറവല്ല. ‘മലയാളി നികേഷിനൊപ്പമാണെന്ന് എഴുതിയത് കണ്ടു, ആ മലയാളിയില്‍ ഞാനില്ല സേട്ടാ’ ഒരു യുവാവ് കുറിച്ചു. ദിലീപിനോടുള്ള വ്യക്തിവൈരാഗ്യം ഒന്നുകൊണ്ട് മാത്രമല്ലേ നികേഷിനെ പിന്തുണയ്ക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപിന്റെ ഹരജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ നികേഷിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍/എം.ഡി എം.വി. നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഐ.പി.സി സെക്ഷന്‍ 228 അ (3) പ്രകാരമാണ് കേസ്.

വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ നികേഷും ചാനലും പ്രസിദ്ധീകരിച്ചു എന്ന പോലീസ് വ്യക്തമാക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ബാലചന്ദ്ര കുമാര്‍ പുതിയ ആരോപണങ്ങളുമായി രംഗ പ്രവേശനം ചെയ്തത് ഈ ചാനലിലൂടെയായിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ മാധ്യമ വിചാരണയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്.

Vijayasree Vijayasree :