വോട്ടര്‍മാരെ സ്വാധീനിക്കുന്നു!?; പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ സോനു സൂദിനെ തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള നടന്‍ ആണ് സോനു സൂദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശഏഷങ്ങളും ചിത്രങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റേതായി പുറത്തെത്തുന്ന പുതിയ വാര്‍ത്തയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബിലെ ബൂത്തുകള്‍ സന്ദര്‍ശിച്ച സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു എന്നാണ് വാര്‍ത്തകള്‍.

വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കാണിച്ചാണ് താരത്തിനെതിരെ നടപടി. മോഗ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇടപ്പെട്ട് സോനുവിനെ തിരിച്ചയച്ചത്.

സോനുവിന്റെ സഹോദരി മാവിക സൂദ് മോഗ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. എന്നാല്‍ ചില ബൂത്തുകളില്‍ പണം വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇത് പരിശോധിക്കാനാണ് താന്‍ പോയതെന്നാണ് സോനു സൂദിന്റെ പ്രതികരണം.

‘വിവിധ ബൂത്തുകളില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് അകാലിദളിന്റെ ആളുകളുടെ ഭീഷണി കോളുകള്‍ വരുന്നതായും ചില ബൂത്തുകളില്‍ പണം വിതരണം ചെയ്യുന്നതായും അറിഞ്ഞു. അത് പരിശോധിച്ച് നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഞങ്ങളുടെ കടമയാണ്. അതിനാലാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്,’ എന്ന് ബൂത്ത് സന്ദര്‍ശനം തടഞ്ഞ വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചു.

Vijayasree Vijayasree :