ബ്രസീലിയന്‍ ഗായിക വിമാനാപകടത്തില്‍ മരണപ്പെട്ടു; അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ അവസാനമായി പോസ്റ്റ് ചെയ്തത്!; കണ്ണീരോടെ ആരാധകര്‍

ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഗായിക മരീലിയ മെന്തോന്‍സ(26) വിമാനാപകടത്തില്‍ മരിച്ചു. ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേത്രി കൂടിയാണ് മരീലിയ. വെള്ളിയാഴ്ചയായിരുന്നു അപകടമെന്ന് മരീലിയയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് അധികൃതര്‍ വ്യക്തമാക്കി. അപകടത്തില്‍ പെട്ട ചെറുവിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന മരീലിയയുടെ പ്രോഗാം പ്രൊഡ്യൂസര്‍ കൂടിയായ അമ്മാവനും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

ബ്രസീലിന്റെ തനത് സംഗീതരൂപമായ മ്യൂസിക സെര്‍തനേഷോയുടെ ആധുനികകാല പ്രചാരകയായിരുന്നു മരീലിയ. ബ്രസീലിയന്‍ നഗരമായ കാരതിങ്കയില്‍ വെള്ളിയാഴ്ച നടക്കാനിരുന്ന സംഗീതപരിപാടിക്കായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലീസ് മേധാവി ഇവാന്‍ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തിയത്.

2019 ല്‍ ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് നേടിയ മരീലിയ മെന്തോന്‍സയ്ക്ക് ബ്രസീലിലും മറ്റു രാജ്യങ്ങളിലും വന്‍ ആരാധകവൃന്ദമുണ്ട്. യൂട്യൂബില്‍ രണ്ട് കോടി ഫോളേവേഴ്സുള്ള മരീലിയയ്ക്ക് സ്പോട്ടിഫൈയില്‍ എണ്‍പത് ലക്ഷം ശ്രോതാക്കളാണുള്ളത്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളാണ്. മിനാസ് ഗെരെയ്സിലേക്കുള്ള യാത്രയില്‍ ഏറെ ആവേശത്തിലായിരുന്ന മരീലിയ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനത്തില്‍ നിന്നുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെക്കുകയും ചെയ്തിരുന്നു.

Vijayasree Vijayasree :