ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, അസാമാന്യമായ പ്രതിഭയാണ് അദ്ദേഹം; ഫഹദ് ഫാസിലിനെ കുറിച്ച് വാ തോരാതെ സംസാരിച്ച് ശിവ കാര്‍ത്തികേയന്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തെന്നിന്ത്യയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. അവതാകരനായി എത്തി മുന്‍നിര നായകന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ താരത്തിനായി. ഇപ്പോഴിതാ മലയാളികളുടെ ഫഹദ് ഫാസിലിനെ കുറിച്ച് ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ക്രിക്കറ്റ് താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘ഡി.ആര്‍.എസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു ശിവകാര്‍ത്തികേയന്റെ പ്രതികരണം. തനിക്കേറ്റവും പ്രിയപ്പെട്ട നടന്മാരെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. എം.ആര്‍ രാധ, വടിവേലു, രഘുവരന്‍ എന്നിവരാണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്വഭാവ നടന്‍മാര്‍ എന്നാണ് ശിവകാര്‍ത്തികേയന്‍ പറയുന്നത്. മറ്റൊരു നടനോടും തനിക്ക് വല്ലാത്ത ആരാധനയുണ്ടെന്നും അത് ഫഹദ് ഫാസില്‍ ആണെന്നും ശിവ വ്യക്തമാക്കുന്നു.

‘ഫഹദിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലെ അഭിനയിക്കാന്‍ എനിക്ക് നാലായിരം വര്‍ഷം വേണ്ടി വരുമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുമ്പോള്‍ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ ചെറിയ റിയാക്ഷനുകള്‍ പോലും അതിഗംഭീരമാണ്.

അദ്ദേഹം എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്. ഫഹദ് എന്റെ കൂടെ ഉണ്ടാവുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യമായ പ്രതിഭയാണ്’ എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. കുമ്പളങ്ങി നൈറ്റ്സ് ട്രാന്‍സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുണ്ടെന്നും, അസാമാന്യമായ പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചതെന്നും അശ്വിനും പറയുന്നുണ്ട്.

Vijayasree Vijayasree :