‘ആര്‍ത്തവം സാധാരണമാണ്, ലളിതവും’; ചെറിയ പെണ്‍കുട്ടികള്‍ ചെറിയ പെണ്‍കുട്ടികളായിരിക്കട്ടെ, ആദ്യ ആര്‍ത്തവം മുതല്‍ അവരെ ‘പക്വതയുള്ളവര്‍’ ആയി കാണരുത്

സ്വരമാധുര്യം കൊണ്ട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് ജ്യോത്സന. നിരവധി ഗാനങ്ങള്‍ ആലപിച്ച ജ്യോത്സന സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആര്‍ത്തവത്തെക്കുറിച്ചാണ് ഗായിക തുറന്നെഴുതുന്നത്. തന്റെ സ്‌കൂള്‍ യൂണിഫോമിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്.

”ഈ ചിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു, അന്ന് വളരെ സാധാരണമാണെന്ന് കരുതിയ ഒരുപാട് കാര്യങ്ങളിലേയ്ക്ക് ഒന്നു കൂടി എത്തിനോക്കുകയായാണ്. ഷാള്‍ വൃത്തിയായി തോളില്‍ കുത്തി ലൂസായ യൂണിഫോം ധരിച്ചു നില്‍ക്കുന്ന ഇതില്‍ എനിക്ക് ഏകദേശം 14 വയസ്സ് പ്രായമുണ്ടായിരിക്കണം.”

”സ്‌പോര്‍ട്‌സ് ദിവസങ്ങളില്‍ വെള്ള യൂണിഫോമായിരുന്നു. ആര്‍ത്തവ സമയത്ത് അത് ധരിക്കുന്നതിനുള്ള പേടി! ബെഞ്ചില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴെല്ലാം അടുത്തുള്ള പെണ്‍ സുഹൃത്തിന്റെ ചോദ്യം വരും, ”ഹേയ് ചെക്ക് നാ”, ചുവന്ന നിറത്തിലുള്ള ഡിസൈന്‍ വന്നിട്ടുണ്ടാവല്ലേ എന്ന് പ്രാര്‍ത്ഥിക്കും.

ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ പാഡുകള്‍ ബാഗില്‍ നിറക്കും. മാസത്തിലെ ആ നാല് ദിവസങ്ങളില്‍ പുറത്ത് കളിക്കാന്‍ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങള്‍ക്ക് ആര്‍ത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആണ്‍കുട്ടികള്‍) അറിയുന്നത് ലജ്ജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്ന ചിന്തയായിരുന്നു കാരണം.”

”പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വാഭാവിക ശാരീരിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അത്തരം ചിന്തകള്‍ പതിനാലാമത്തെ വയസ്സില്‍ തന്നെ ഭാരമാകേണ്ടതുണ്ടോ?” കാര്യങ്ങള്‍ പതുക്കെ മാറാന്‍ തുടങ്ങിയത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എല്ലാം സാവധാനം ഉറപ്പായും മാറും.

ചെറിയ പെണ്‍കുട്ടികള്‍ ചെറിയ പെണ്‍കുട്ടികളായിരിക്കട്ടെ. ആദ്യ ആര്‍ത്തവം മുതല്‍ അവരെ ”പക്വതയുള്ളവര്‍” ആയി കാണരുത്. അവരുടെ പുസ്തകങ്ങളില്‍ നിന്നും ലൈംഗിക പഠന പേജുകള്‍ ഒഴിവാക്കരുത്. നിങ്ങളുടെ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും അതിനെക്കുറിച്ച് സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആര്‍ത്തവം സാധാരണമാണ്. ലളിതവും.

Vijayasree Vijayasree :