അവരുടെ ജീവിതത്തില്‍ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാള്‍ ഞാനാണ്, വളരെ ഇമോഷണലായാണ് സ്മിത സംസാരിച്ചതെന്നും മധുപാല്‍

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. ഇപ്പോഴിതാ സില്‍ക്ക് സ്മിതയുമൊത്തുള്ള അഭിനയ അനുഭവം പങ്കുവെയ്ക്കുകയാണ് നടന്‍ മധുപാല്‍. സില്‍ക്ക് സ്മിതയുമായുള്ള അഭിനയ അനുഭവങ്ങളില്‍ ഏറ്റവും സന്തോഷമുള്ള കാര്യം, അവരുടെ ജീവിതത്തില്‍ തന്നെ അവരെ കല്യാണം കഴിച്ചിട്ടുള്ള ഒരേയൊരാള്‍ ഞാനാണ്. എല്ലാക്കാലത്തേയും ഇത്രയും സെന്‍സേഷനായിട്ടുള്ള ഒരു നടി. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയെന്നും മധുപാല്‍ പറയുന്നു.

‘സ്മിതയുടെ കാര്യത്തില്‍ എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം, പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് ഞാന്‍ അഭിനയിച്ചത്. ആ സിനിമയില്‍ തിരുട്ടു കല്യാണം എന്നൊരു സംഗതിയുണ്ട്. പള്ളിയില്‍വെച്ച് എന്റെ കഥാപാത്രം ഈ പെണ്‍കുട്ടിയെ(സില്‍ക്ക് സ്മിത)കല്യാണം കഴിക്കുന്നു. എല്ലാ ചടങ്ങുകളും പാലിച്ചുകൊണ്ടുള്ള ഒരു കല്യാണം. തിരിച്ച് വണ്ടിയില്‍ കയറി പോകുന്നത് വരെയുള്ള സ്വീക്വന്‍സ് ചെയ്തു.

സീന്‍ എടുത്ത് കഴിഞ്ഞ് വണ്ടിയില്‍ നിന്ന് ഇറങ്ങിയശേഷം അവര്‍ എന്നോട് വളരെ ഇമോഷണലായി സംസാരിച്ചു. ജീവിതത്തില്‍ ഒരുപാട് സിനിമകള്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തന്നെ കല്യാണം കഴിക്കുന്ന ഒരു സീന്‍ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നും ജീവിതത്തിലും ഇങ്ങനെയൊരു കാര്യമുണ്ടായിട്ടില്ലെന്നും അന്ന് സ്മിത പറഞ്ഞു,’ സിനിമയില്‍ തന്നെ കല്ല്യാണം കഴിക്കുന്ന സീനില്‍ അഭിനയിക്കാന്‍ പറ്റിയതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് കൂടി പറഞ്ഞാണ് സ്മിത കാറില്‍ കയറി പോയതെന്നും മധുപാല്‍ പറയുന്നു.

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളുടെ പര്യായമായി മാറിയ നടനാണ് മധുപാല്‍. നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമായ അദ്ദേഹം മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട്.

Vijayasree Vijayasree :