ജയറാമിനോട് അന്ന് അങ്ങനെ പറഞ്ഞതു കേട്ട സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു; താന്‍ പറഞ്ഞു ഏറെ ഹിറ്റാക്കിയ ഒരു സംഭാഷണം പിറവിയെടുത്തതിനെ കുറിച്ച് സിദ്ദിഖ്

വ്യത്യസ്തങ്ങളായി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയ താരമാണ് സിദ്ദിഖ്. ഇപ്പോഴിതാ താന്‍ അഭിനയിച്ച ഒരു ഹിറ്റ് സിനിമയിലെ, ഏറെ ഹിറ്റായി മാറിയ ഒരു ഡയലോഗിന്റെ പിറവിയുടെ രഹസ്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് നടന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് താന്‍ പറഞ്ഞു ഏറെ ഹിറ്റാക്കിയ ഒരു സംഭാഷണത്തിന്റെ കഥ സിദ്ദിഖ് തുറന്നു പറഞ്ഞത്.

‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞു ഹിറ്റാക്കിയ ഒരു സംഭാഷണമാണ് ആനഹരി. ‘ആനഹരി, ആനഹരി’ എന്ന് കേട്ടിട്ടില്ലേ എന്ന് അതിലെ ഒരു കഥാപാത്രം ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നുണ്ട്. ‘ആനഹരി’ എന്ന് കേട്ടിട്ടില്ല ‘ഹരിയാന’ എന്ന് കേട്ടിട്ടുണ്ട്. അത് തിയേറ്ററില്‍ വലിയ കയ്യടിയുണ്ടാക്കിയ സീനാണ്. അത് എനിക്ക് കിട്ടുന്നത് ജയറാം പറഞ്ഞ ഒരു അനുഭവ കഥയില്‍ നിന്നാണ്.

‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയറാം ഒരു ഹരിയേട്ടന്റെ കാര്യം പറഞ്ഞു. എനിക്ക് ആളെ അറിയാത്തത് കൊണ്ട് പുള്ളിയെ അറിയപ്പെടുന്നത് എങ്ങനെയാണോ അത് പോലെ ജയറാം എന്നോട് പറഞ്ഞു. ‘ആനഹരിയെ അറിയില്ലേ’? എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഹരിയാന’ അറിയാം. അത് കേട്ടതും സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു.

എന്നാല്‍ ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയ്ക്ക് ആസിഫ് അലി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ ഡയലോഗ് താന്‍ പറഞ്ഞതെന്നും സിദ്ദിഖ് പറയുന്നു. സിദ്ദിഖ് ഇക്കയെ കൊണ്ട് തന്നെ ഈ തമാശ നമ്മുടെ സിനിമയില്‍ പറയിപ്പിക്കാം എന്ന് ആസിഫ് പറഞ്ഞു അതോടെ ‘വിജയ് സൂപ്പറും പൗര്‍ണമി’ എന്ന സിനിമയില്‍ അതേ ഡയലോഗ് കടമെടുത്തു’ എന്നും സിദ്ധിഖ് പറയുന്നു.

Vijayasree Vijayasree :