സിദ്ധാര്‍ത്ഥ് മരണപ്പെട്ടുവെന്ന് യൂട്യൂബ് വീഡിയോ; റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യൂട്യൂബിന്റെ മറുപടി കണ്ട് ഞെട്ടിപ്പൊയെന്ന് സിദ്ധാര്‍ത്ഥ്

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള താരമാണ് സിദ്ധാര്‍ത്ഥ്. അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്ന താരമാണ് സിദ്ധാര്‍ഥ്. സര്‍ക്കാരിനെ ഉള്‍പ്പടെ വിവിധ വിഷയങ്ങളില്‍ വിമര്‍ശിച്ചിരുന്ന സിദ്ധാര്‍ത്ഥിനു നേരെ നിരവധി ഭീഷണികള്‍ വന്നിരുന്നു.

ഇപ്പോഴിതാ താന്‍ മരിച്ചതായി വ്യാജപ്രചരണം നടത്തിയ വീഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചത് വെളിപ്പെടുത്തുകയാണ്. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് തനിക്ക് യൂട്യൂബില്‍ നിന്നും ലഭിച്ച മറുപടി പങ്കുവച്ചത്. ‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന് തലക്കെട്ട് നല്‍കിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

‘ഞാന്‍ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അവര്‍ ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നല്‍കിയത്” എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. യൂട്യൂബിന്റെ മറുപടി കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ രസകരമായി പറയുന്നുണ്ട്.

സിദ്ധാര്‍ഥ് മരിച്ചതായി പ്രചരിക്കുന്ന വീഡിയോയില്‍ സിദ്ധാര്‍ത്ഥിന്റെയൊപ്പം സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവരാണ്. മൂന്ന് വര്‍ഷം മുന്‍പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2019ല്‍ പുറത്തിറങ്ങിയ ‘അരുവം’ ആണ് സിദ്ധാര്‍ത്ഥിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ‘നവരസ’ ഉള്‍പ്പടെ അഞ്ചോളം ചിത്രങ്ങളാണ് ഇനി സിദ്ധാര്‍ത്ഥിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

Vijayasree Vijayasree :