യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കാതെ ഒരു പേരിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നത് ക്രിസ്തീയ സമൂഹത്തിന് നാണക്കേടാണ്; നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിബി മലയില്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈശോ. മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നതാണ് ആരോപണം. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വൈദികന്മാരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്.

എന്നാല്‍ ഇപ്പോഴിതാ നാദിര്‍ഷയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിബി മലയില്‍. ‘ഇത് കേരമല്ലേ. കേരളത്തില്‍ അത്തരം ഭീഷണികള്‍ക്ക് വഴങ്ങി സിനിമ ചെയ്യുവാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറാവുകയില്ല. വളരെ ദൗര്‍ഭാഗ്യകരമായ നിലപാടാണ് സഭയുടെ വക്താക്കള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ പറയുന്നത്. അവര്‍ ഇതിന്റെ യാഥാര്‍ഥ്യം എന്തെന്ന് മനസ്സിലാക്കാതെ, ഇതിന്റെ കഥ എന്ത്, സംവിധായകന്‍ എന്താണ് പറയുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് തിരിച്ചറിയാതെ ഒരു പേരിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നത് ക്രിസ്തീയ സമൂഹത്തിന് നാണക്കേടാണ്.

സിനിമകളുടെ കഥയെക്കുറിച്ച് പുസ്തകങ്ങളിലെ പരാമര്‍ശങ്ങളെക്കുറിച്ചൊക്കെ ഇത്തരം ആക്ഷേപങ്ങള്‍ ഇതിനു മുന്‍പും നമ്മള്‍ കണ്ടതാണ്. മീശ എന്ന നോവലിന്റെ പേരില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ നമ്മള്‍ കണ്ടതാണ്. സിനിമകളെ സംബന്ധിച്ചിടത്തോളം അത് പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം എന്തെന്ന് മനസ്സിലാക്കാതെ പേരിന്റെ പേരില്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുള്ളത് വടക്കേ ഇന്ത്യയിലാണ്.

അത്തരം പ്രതിഷേധങ്ങള്‍ക്ക് എതിരെ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമ പ്രവര്‍ത്തകരും പ്രതിരോധവും തീര്‍ത്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ സംഭവിച്ചു എന്നത് തീര്‍ത്തു ഖേദകരമാണ്. പ്രത്യേകിച്ച് ക്രിസ്തീയ സമൂഹത്തില്‍ നിന്നും. ക്രിസ്തീയ സമൂഹം പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തു എന്ന സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശ വാഹകനെയാണ്.

ആ അടിസ്ഥാന നിലപാടുകളെ എതിര്‍ക്കുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുനാണ് കാര്യങ്ങള്‍. ക്രിസ്തുമത വിശ്വാസികള്‍ എന്നപേരില്‍ അല്ലെങ്കില്‍ സഭയുടെ പ്രതിനിധികള്‍ എന്നപേരില്‍ വന്നിരിക്കുന്ന ഇവരുടെ പ്രവര്‍ത്തികളാണ് ക്രിസ്തുവിനെ വേദനിപ്പിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് മുഴുവന്‍ ക്രിസ്തീയ സമൂഹത്തിന് തന്നെ അപമാനകരമായ കാര്യമാണ്. നാദിര്‍ഷയ്ക്ക് പൂര്‍ണ്ണ പിന്തുണയും ഫെഫ്ക നല്‍കിയിട്ടുണ്ട്. ഇത് അനുവദിച്ചുകൊടുത്താല്‍ ഭാവിയില്‍ വലിയ രീതിയില്‍ ഇത്തരം ഇടപെടലുകള്‍ക്ക് വഴി തുറന്നു കൊടുക്കുന്നത് പോലെയാകും.

ഒരു സിനിമയ്ക്ക് പേരിടാന്‍ അല്ലെങ്കില്‍ ഒരു കഥ പറയാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് സെന്‍സര്‍ബോര്‍ഡിനും അപ്പുറത്തേക്ക് ഉള്ള തീരുമനം എടുക്കുന്ന അവസ്ഥയിലേക്ക് നമ്മള്‍ വിട്ടുകൊടുക്കുന്ന ഒരു തീരുമാനമാണ്. അത് ഒരിക്കലും അനുവദിച്ചുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.ഈ സിനിമ ഇതേപേരില്‍ തന്നെ തിയേറ്ററുകളില്‍ എത്തും. ഈ ആക്ഷേപം ഉന്നയിക്കുന്ന ഉന്നയിക്കുന്ന വ്യക്തികള്‍ യേശുവിനെ അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. ഈശോ എന്ന രക്ഷകനെ ആ ദൈവപുത്രനെ അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദേശം മനസ്സിലാക്കിയിട്ടില്ല.

Vijayasree Vijayasree :