വ്യാജ അക്കൗണ്ട് വഴി പണം തട്ടുന്നു, ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള ഒരുപാടു പേര്‍ തന്നെ വിളിക്കുന്നുണ്ട്; മുന്നറിയിപ്പുമായി സംവിധായകന്‍ സിബി മലയില്‍

തന്റെ വ്യാജ അക്കൗണ്ട് വഴി പണം തട്ടുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. സംവിധായകന്റെ പേരും പ്രൊഫൈല്‍ ചിത്രവും ഉപയോഗിച്ച് സമാനമായ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഗൂഗിള്‍ പേ നമ്പര്‍ കൊടുത്താണ് തട്ടിപ്പ് സംഘം എത്തുന്നത്. എന്നാല്‍ താന്‍ ഗൂഗിള്‍ പേ യൂസറല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

‘എന്റെ ഫോണിലേക്ക് ഒരുപാട് കോളുകള്‍ വരുന്നുണ്ട്. എന്റെ പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി പണം ചോദിച്ചു കൊണ്ട് പലരെയും സമീപിക്കുകയാണ്. ഞാന്‍ ഒരു ഗൂഗിള്‍ പേ യൂസറല്ല. എന്റെ പേരിലുണ്ടാക്കിയ ഫെയ്ക്ക് ഐഡിയിലേക്ക് ആരും പണം അയക്കരുത്. ആരും അതിനോട് പ്രതികരിക്കരുത്.”

”വളരെ വിശ്വസനീയമായ രീതിയിലാണ് എന്റെ ഫെയ്ക്ക് ഐഡി ഉണ്ടാക്കിയിരിക്കുന്നത്. അത് കണ്ട് ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള ഒരുപാടു പേര്‍ എന്നെ വിളിക്കുന്നുണ്ട്. എല്ലാവരും ശ്രദ്ധിക്കുക” എന്നാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ സിബി മലയില്‍ വ്യക്തമാക്കുന്നത്.

തന്റെ പേരില്‍ ആരംഭിച്ച വ്യാജ ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നും വന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടും സിബി മലയില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ ഗൂഗിള്‍ പേ ഉണ്ടെങ്കില്‍ കുറച്ച് പണം അയക്കമോ എന്ന് ചോദിക്കുന്ന മെസേജുകളും കാണാം. ആരും പണം അയകകരുത് എന്നും മെസേജുകളോട് പ്രതികരിക്കരുത് എന്നും സംവിധായകന്‍ വീണ്ടും കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :