ഗോഡ്‌സെയെ നായകനാക്കി ഹ്രസ്വചിത്രം വൈ ഐ കില്‍ഡ് ഗാന്ധി; ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു

മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയെ നായകനാക്കി ഒരുക്കിയ ഹ്രസ്വചിത്രം വൈ ഐ കില്‍ഡ് ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. എന്‍സിപി എംപിയും നടനുമായ അമോല്‍ കോല്‍ഹെ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. ഗാന്ധിയുടെ ചരമദിനമായ ജനുവരി 30ന് ഒടിടിയിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

മഹാത്മാഗാന്ധിയുടെ ഘാതകനെ നായകനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നും പടോലെ ആവശ്യപ്പെട്ടു. സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

എംപി ആയ ഒരാള്‍ ഗോഡ്‌സെ ആയി എത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അമോല്‍ കോല്‍ഹെയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഗോഡ്‌സെയെ നായകനാക്കിയുള്ള ചിത്രം പ്രഖ്യാപനം മുതല്‍ വിവാദമായിരുന്നു.

ഗോഡ്‌സെയായി എത്തുന്ന അമോല്‍ കോല്‍ഹെയ്‌ക്കെതിരേ നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ ഗാന്ധിയന്‍ ചിന്തകളില്‍ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്നും ഒരു കലാകാരനെന്ന നിലയില്‍ സ്വയം വെല്ലുവിളിക്കാന്‍ വേണ്ടി മാത്രമാണ് വിവാദ വേഷം ഏറ്റെടുത്തതെന്നും ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നില്ലെന്നും അമോല്‍ വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :