അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി; താന്‍ നേരിട്ട നിസഹായവസ്ഥയെ കുറിച്ച് ഷോബി തിലകന്‍

വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തിലകന്‍. ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു തിലകന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക്. 2010 ഏപ്രിലിലാണ് തിലകനെ അമ്മ താരസംഘടനയില്‍ നിന്നും പുറത്താക്കിയത്. ഇപ്പോഴിതാ അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബി തിലകന്‍ ഇതേ കുറിച്ച് പറഞ്ഞത്. അച്ഛന് വിലക്ക് ഏര്‍പ്പെടുത്തിയ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കേണ്ടി വന്ന നിസഹായവസ്ഥ ഉണ്ടായിട്ടുണ്ട്. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനെ പ്രതിനിധീകിരിച്ചാണ് തനിക്ക് പങ്കെടുക്കേണ്ടി വന്നത്. അന്ന് അച്ഛനെ വിലക്കാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ താനായിരുന്നു.

അച്ഛന്‍ എന്തു കൊണ്ടാണ് അങ്ങനെയുളള പരാമര്‍ശങ്ങള്‍ നടത്തിയത് എന്നതിന് താന്‍ വിശദീകരണം നല്‍കി. എന്നാല്‍ പക്ഷേ ഭൂരിപക്ഷ അഭിപ്രായം മാനിച്ച് അച്ഛനെതിരെ ഫെഫ്കയുടെ വിലക്ക് വരികയായിരുന്നു. ആ നടപടി ഫെഫ്കയ്ക്ക് പിന്നീട് തെറ്റായി തോന്നുകയും അവരത് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ അമ്മ സംഘടന അച്ഛന് ഏര്‍പ്പെടുത്തിയ വിലക്ക് അദ്ദേഹത്തിന്റെ മരണശേഷവും പിന്‍വലിച്ചില്ല.

സംഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന പേരിലാണ് അച്ഛനെ പുറത്താക്കിയത്. ഷമ്മി ചേട്ടനും ഇക്കാര്യവുമായി ബന്ധപ്പെട്ട് ഫൈറ്റ് ചെയ്യുന്നു. അച്ഛനെ പുറത്താക്കിയത് വേണമെങ്കില്‍ മരണാനന്തരമെങ്കിലും തിരിച്ചെടുക്കാം. ഒരു സിമ്പോളിക്ക് ആയിട്ട്. തിലകന്‍ ഇപ്പോഴും അമ്മയിലുണ്ട് എന്ന ലെവലില്‍ തിരിച്ചെടുക്കാം. അമ്മ സംഘടനയിലെ മരണപ്പെട്ടുപോയ ആളുകളുടെ ലിസ്റ്റില്‍ നിന്ന് വരെ അച്ഛന്റെ പേര് വെട്ടി എന്ന് താന്‍ കേട്ടിരുന്നു എന്നും ഷോബി പറഞ്ഞു.


Vijayasree Vijayasree :