വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് ആ കാരണത്താല്‍ ആണ്; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമയ്ക്കു പിന്നില്‍ യാഥാര്‍ത്ഥ്യ ബോധമുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണു വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതെന്നു പറയുകയാണ് നടന്‍. ഇപ്പോള്‍ ഇറങ്ങുന്ന പല സിനിമകളിലും നായകന്‍, വില്ലന്‍ എന്നു തൊട്ടുകാണിക്കാന്‍ പറ്റുന്ന ആരും കാണില്ലെന്നും എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളും ഉണ്ടാകുമെന്നും ഷൈന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒരു കഥകേട്ടാല്‍ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചിന്തിക്കും കഥാപാത്രത്തിന്റെ സാധ്യകളെക്കുറിച്ച് ആലോചിക്കും. സിനിമ മാത്രമാണല്ലോ മനസ്സില്‍. അതേക്കുറിച്ചു ചിന്തിക്കലാണല്ലോ നമ്മുടെ ജോലി. ബാക്കിയെല്ലാം സംവിധായകന്റെ മിടുക്കാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിനുശേഷം ചെറിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ ചെയ്ത സിനിമയാണ് ലവ്. ഒരു ഫ്‌ളാറ്റില്‍ താമസിച്ച് അവിടെതന്നെയായിരുന്നു ചിത്രീകരണം. രാവിലെ എഴുന്നേല്‍ക്കുന്ന മുറിയില്‍ത്തന്നെ ജോലിചെയ്യുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് എന്തായാലും പുതിയ അനുഭവമാണ്.

പക്ഷേ, എല്ലായ്‌പ്പോഴും അത്തരത്തില്‍ സിനിമ എടുക്കുക എന്നത് എളുപ്പമല്ല. പരിമിതികളെ മറികടക്കാന്‍വേണ്ടി സിനിമയുടെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാന്‍ പറ്റില്ലല്ലോ എന്നും ഷൈന്‍ ചോദിക്കുന്നു. സംവിധായകന്‍ കമലിന്റെ സംവിധാന സഹായിയായിരുന്ന ഷൈന്‍ ഗദ്ദാമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

പിന്നീട് അന്നയും റസൂലും, ഇതിഹാസ, ചാപ്റ്റേഴ്‌സ്, 5 സുന്ദരികള്‍, ആന്‍മരിയ കലിപ്പിലാണ്, ഇഷ്‌ക് തുടങ്ങി നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ ഷൈന്‍ അഭിനയിച്ചു. കൊവിഡ് കാലത്തു ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ലവ് എന്ന സിനിമയിലെ ഷൈനിന്റെ നായകകഥാപാത്രവും പിന്നീടു പുറത്തിറങ്ങിയ വോള്‍ഫ് എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് നായകനായി സണ്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും താരം അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Vijayasree Vijayasree :