അമ്മയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചു; ഷമ്മി തിലകന് എതിരെ നടപടി; നടപടിയെടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് ഷമ്മി തിലകന്‍. ഇപ്പോഴിതാ മലയാള സിനിമ താര സംഘടനയായ അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ നടന്‍ ഷമ്മി തിലകനെതിരെ നടപടി എടുക്കാനൊരുങ്ങി സംഘടന. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം നടപടി കൈക്കൊള്ളാനാണ് തീരുമാനം.

സംഘടനയിലെ അംഗങ്ങള്‍ ഷമ്മി തിലകന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ വെച്ച് നടന്നത്. യോഗത്തിലെ ചര്‍ച്ചകള്‍ ഷമ്മി തിലകന്‍ തന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതാണ് വിവാദത്തിന് കാരണമായത്.

ഇത് കണ്ട ഉടനെ തന്നെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉന്നയിച്ച് അംഗങ്ങള്‍ രംഗത്തെത്തി.

എന്നാല്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ഷമ്മി തിലകനെതിരെ നടപടിയെടുക്കരുത് എന്ന് അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നടനെതിരെ നടപടി ഉണ്ടാകണമെന്ന ആവശ്യത്തില്‍ ചിലര്‍ ഉറച്ച് നിന്നു. ഇതോടെയാണ് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ ധാരണയായി.

Vijayasree Vijayasree :