മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. അഭിനയ ലോകത്ത് സജീവമായി തുടരുന്നതിനിടെയാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. തുടര്‍ന്ന് അഭിനയത്തില്‍ നി്ന്നും താത്ക്കാലിക ഇടവേളയെടുത്ത താരം വളരെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ശാലും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ നിറയുരയായിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം എപ്പോഴും താരം പങ്കുവെയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം കൊടുത്തിരിക്കുകയാണ് ശാലു. എന്നാല്‍ ഇപ്പോഴിതാ ഒരു മാസികയ്ക്ക് നല്‍കി അഭിമുഖത്തില്‍ പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും തന്റെ ജീവിതത്തില്‍ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നെന്നും തുറന്ന് പറയുകയാണ് ശാലു മേനോന്‍.
സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും താന്‍ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചു. തുടക്കത്തില്‍ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. ഒന്നാമത് ചെറുപ്പം. പ്രശ്നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ എന്നെ മാറ്റിയെടുത്തു എന്നും ശാലു പറയുന്നു.
49 ദിവസം ജയിലില്‍, പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്. ചെയ്തുപോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്കെത്തിയവര്‍, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്നമേ അല്ല എന്നു തിരിച്ചറിഞ്ഞു. അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു.
എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം താന്‍ മാറ്റിയെടുത്തെന്നും ശാലു പറയുന്നു. ‘ജീവിതത്തിന് പക്വത വന്നു. ഇപ്പോള്‍ ഞാന്‍ ബോള്‍ഡാണ്. ആ മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞു,’ എന്നും ശാലു പറയുന്നു.
2013ലാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ശാലുവിന്റെ ജീവിതത്തില്‍ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ നടി അറസ്റ്റിലായി. സോളാര്‍ കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനുമൊപ്പം ഒട്ടേറെ പേരെ കബളിപ്പിക്കാന്‍ കൂട്ടാളിയായി ശാലു മേനോനും ഉണ്ടായിരുന്നു എന്നാണ് പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്. ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നല്കിയ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ശാലു മേനോനെതിരെ കേസെടുത്തത്. ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ശാലു മേനോനെതിരെ ചുമത്തിയിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ശാലുവും ഭര്‍ത്താവ് സജി ജി നായരും വിവാഹമോചിതരാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതികരണവുമായി ശാലുവിന്റെ ഭര്‍ത്താവ് തന്നെ രംഗത്തെത്തിയിരുന്നു. ‘പ്രത്യേകിച്ചു മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താത്പര്യം ഉള്ള ആളല്ല ഞാന്‍. ശാലുവിന് വേര്‍പിരിയണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിന്റെ മറുപടി നല്‍കട്ടെ’ എന്നാണ് സജി നായര്‍ വ്യക്തമാക്കിയത്. സോളാര്‍ കേസില്‍പെട്ട് ജയില്‍ വാസത്തിലായിരുന്ന ശാലു ഇതിനുശേഷമാണ് വിവാഹം കഴിച്ചത്. 2016 ല്‍ ആയിരുന്നു സജിയും ശാലുവും തമ്മിലുള്ള വിവാഹം. എന്നാല്‍ ഈ വാര്‍ത്തകളോട് ശാലു മേനോന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല.