മഹര്‍ സംഭവിക്കുന്നത് കൊറോണയുടെ സമയം, എന്നാല്‍ പൂര്‍ണമായും സംഗീതസംവിധാനത്തിലേയ്ക്കില്ല, തുറന്ന് പറഞ്ഞ് ഗായകന്‍ കെകെ നിഷാദ്

മലയാളികള്‍ക്കേറ പ്രിയപ്പെട്ട ഗായകനാണ് കെകെ നിഷാദ്. കണ്ടു കണ്ടു കൊതി, മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടി, മയങ്ങിപ്പോയി ഞാന്‍, പാല്ലപ്പൂവിതളില്‍, നാട്ടുവഴിയോരത്തെ, എന്നു തുടങ്ങി ഒരുപിടി മനോഹര ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചെന്നെത്താന്‍ നിഷാദിനായി. ഗായകനില്‍നിന്ന് സംഗീത സംവിധായകന്റെ റോളിലേയ്ക്ക് കൂടി കടന്നിരിക്കുകയാണ് നിഷാദ്.

ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളെ കുറിച്ചും അദ്ദേഹം സംഗീതം ചെയ്ത മഹര്‍- സെലിബ്രേഷന്‍ ഓഫ് ലവ് എന്ന ആല്‍ബത്തെ കുറിച്ചും തുറന്ന് പറയുകയാണ് ഗായകന്‍. മഹര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗായിക സരിത റാമിന്റെ ബഡ്ഡി ടോക്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് കെകെ നിഷാദ് ഇതേ കുറിച്ച് പറഞ്ഞത്.

കൊറോണയുടെ സമയത്താണ് മഹര്‍ സംഭവിക്കുന്നത്. യു.കെ.യില്‍ നേഴ്സ് ആയ സത്യനാരായണന് കൊറോണ ബാധിക്കുകയും ആ സമയത്ത് അദ്ദേഹം എഴുതിയ കുറെ കവിതകള്‍ എനിക്ക് അയച്ചുതരികയും ചെയ്തു. അയച്ചുതന്ന രണ്ട് കവിതകളില്‍ ഒന്നായിരുന്നു മഹര്‍. കവിതയുടെ ലാളിത്യമാണ് ഈണമിടാന്‍ പ്രേരണയായത്. നല്ലരീതിയില്‍ ചെയ്യാമെന്ന ആലോചന പിന്നീടുണ്ടായി. അങ്ങനെയാണ് സംഗീതജ്ഞനായ മധു പോള്‍ പശ്ചാത്തലസംഗീതം ചെയ്യുന്നതും സിതാര കൃഷ്ണകുമാര്‍ പാടുന്നതും.

ബര്‍ക്കാ റിതു ഒരു ഹിന്ദുസ്ഥാനി കോമ്പസിഷനാണ്. ഗുരുനാഥനില്‍ നിന്നാണ് അതിനെപ്പറ്റി അറിഞ്ഞതും പഠിച്ചതും. പിന്നീടെപ്പോഴോ ബര്‍ക്കാ റിതു പുനഃസൃഷ്ടിക്കണമെന്ന് തോന്നലുണ്ടാകുന്നത്. ഒരു പാട്ടോ കവിതയോ കേള്‍ക്കുമ്പോള്‍ അത് എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന ആലോചനയുണ്ടാകുകയും പിന്നീട് അതൊരു ആഗ്രഹമായി മാറുകയും ചെയ്യുന്നു. സ്വാതിതിരുനാള്‍ കൃതിയായ അലര്‍ശര പരിതാപം റീവര്‍ക്ക് ചെയ്തതും ഈ ആഗ്രഹത്തിന്റെ ഫലമായിട്ടാണ്. ഒരു പാട്ടു പാടുന്നതുപോലെ എളുപ്പമല്ല ഗാനം ചിട്ടപ്പെടുത്താന്‍. പൂര്‍ണമായും സംഗീതസംവിധാനത്തിലേക്ക് തിരിയാനുള്ള ആലോചനയില്ലെന്നും നിഷാദ് പറയുന്നു.

അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ നേടിയെടുക്കുന്നത് എന്നാണ് നിഷാദ് പറയുന്നത്. പി.ഡബ്ല്യു.ഡി. ഓഫീസര്‍ എന്നതിനപ്പുറത്ത് അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു സംഗീതജ്ഞന്‍ കൂടിയായിരുന്നു. ആ പാരമ്പര്യത്തെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ടെക്നിക്കല്‍ മേഖലകളിലേക്ക് പോകാനായിരുന്നു വീട്ടുകാരുടെ നിര്‍ദേശം. അങ്ങനെ ഇഷ്ടവിഷയമായ ഗണിതശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു. അധ്യാപനജോലി തനിക്ക് ഇഷ്ടമായിരുന്നുവെന്നും അങ്ങനെ ബി.എഡ് എടുത്ത് ദേവഗിരി സെന്റ് ജോസഫ് കോളേജിലും നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമൊക്കെയായി മൂന്നര വര്‍ഷം നിഷാദ് ജോലിചെയ്യുകയും ചെയ്തിരുന്നു.

Vijayasree Vijayasree :