കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നായിരുന്നു മാറ്റിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്നത്തിന് കാരണമാവുകയായിരുന്നു.
പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് എസ് എന്നുള്ളത് മാറ്റി സാമന്ത എന്ന് തന്നെ ആക്കിയിരുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ പിരിയാനുള്ള കാരണം താരങ്ങളോ അടുത്ത ബന്ധുക്കളോ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സമാന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇതിനു മുന്നില്‍. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് സ്റ്റൈലിസ്റ്റ് പ്രീതം ജുഗാല്‍കര്‍.
താനുമായി സാമന്തയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കുടുംബ ജീവിതത്തില്‍ വിള്ളലായി മാറിയത്. ഗര്‍ഭിണിയായതിന് ശേഷം നിരവധി തവണ താരം അബോര്‍ഷന് വിധേയായി. വിവാഹമോചനത്തിന് കാരണങ്ങള്‍ ഇതൊക്കെയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായപ്പോഴും നാഗചൈതന്യ പ്രതികരിച്ചിരുന്നില്ല, ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നായിരുന്നു പ്രീതം പറഞ്ഞത്.
ഞങ്ങള്‍ ഇരുവരും വര്‍ഷങ്ങളായി അറിയുന്നവരാണ്. സാമന്തയെ സഹോദരിയെപ്പോലെയാണ് ഞാന്‍ കാണുന്നത്. ജീജീയെന്ന് തന്നെയാണ് വിളിക്കുന്നത്. ഇതേക്കുറിച്ച് നാഗചൈതന്യയ്ക്കും അറിയാം. സോഷ്യല്‍ മീഡിയയിലൂടെ കുപ്രചാരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നുവെങ്കില്‍ ഇത്രയും ചര്‍ച്ചയാവില്ലായിരുന്നു. ആരാധകര്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവരാണ് മോശം വാക്കുകളും പറയുന്നത്.
സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതിന് ശേഷമുള്ള തന്റെ അവസ്ഥയെക്കുറിച്ചും പ്രീതം വിശദീകരിച്ചിരുന്നു. തന്റെ മാനസികാരോഗ്യത്തെ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവരുടെ ഡിവോഴ്സുമായി ബന്ധപ്പെട്ട് മോശം സന്ദേശങ്ങള്‍ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രീതം വ്യക്തമാക്കിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയായുള്ള സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.
വിവാഹമോചന ശേഷവും സാമന്ത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത്. വിവാഹമോചനത്തിന്റെ കാരണം തിരക്കിയവര്‍ക്ക് ശക്തമായ മറുപടിയാണ് സാമന്ത നല്‍കിയത്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങളിലൊന്നും താന്‍ തളര്‍ന്ന് പോവില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
വിഷമ ഘട്ടത്തില്‍ തനിക്ക് പിന്തുണയുമായി നിന്ന ആരാധകരോട് താരം ആദ്യം നന്ദി പറയുന്നുണ്ട്. ഒരു വ്യക്തിപരമായ പ്രശ്‌നത്തില്‍ നിങ്ങള്‍ വൈകാരികമായ ഇടപെടുന്നുവെന്നത് ഏറെ സന്തോഷം തോന്നുന്ന കാര്യമാണ്. എന്നോട് അനുകമ്പ കാണിച്ചതിനും കരുതല്‍ കാണിച്ചതിനും വ്യാജ പ്രചരണങ്ങളെ ചെറുത്തു നിന്നതിനും നന്ദി. എനിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എനിക്ക് കുട്ടികളെ വേണ്ടെന്നും. ഇപ്പോള്‍ പറയുന്നു ഞാന്‍ ഗര്‍ഭച്ഛിദ്രം നടത്തിയെന്നും. എന്നാണ് സാമന്ത പറയുന്നത്.
വിവാഹ മോചനം എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. സുഖപ്പെടാനുള്ള സമയം എനിക്ക് അനുവദിക്കണം. എനിക്കെതിരെയുള്ള ഈ വ്യക്തിപരമായ ആക്രമണം തുടരുകയാണ്. പക്ഷെ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരികയാണ്, അവര്‍ പറയുന്ന ഈ കാര്യങ്ങളും മറ്റുമൊന്നും എന്നെ തകര്‍ക്കില്ലെന്ന് വാക്ക് നല്‍കിക്കൊണ്ടാണ് സാമന്ത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
11 വര്‍ഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വര്‍ഷത്തിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബര്‍ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയില്‍ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നല്‍കിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യല്‍ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചര്‍ച്ചാ വിഷയമാണ്.