കോവിഡ് കാരണം അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ ചിത്രമായിരുന്നു വിജയ്, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്റ്റര്‍. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. റീമേക്കില്‍ വിജയ്യുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാനായിരിക്കുമെന്നാണ് സൂചന. ലോക്ഡൗണിന് മുന്‍പ് തന്നെ വിജയ്യുടെ മാസ്റ്റര്‍ സല്‍മാന്‍ ഖാന്‍ കണ്ടുവെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിര്‍മ്മാതാക്കളും സല്‍മാനുമായുള്ള ചര്‍ച്ചക്ക് ശേഷം തിരക്കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മുരാദ് കെഹ്താനിയും ഇന്‍ഡ്മോള്‍ ഷൈന്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിനെ മാസാക്കുന്നതില്‍ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.
ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്യുടെ നായിക.
അതേസമയം രാധെയാണ് അവസാനമായി റിലീസ് ചെയ്ത സല്‍മാന്‍ ഖാന്‍ ചിത്രം. നിലവില്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ ജൂണ്‍ മാസത്തേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ചിത്രീകരണം ആരംഭിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.