സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകന്‍ ചന്തു; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മാലിക്. ചിത്രത്തിന് സമ്മിശ്രാഭിപ്രായമാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ ചില കൗതുകങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നത്.

ചിത്രത്തില്‍ എന്ന സലീം കുമാര്‍ അവതരിപ്പിച്ച മൂസാക്ക കഥാപാത്രത്തിന്റെ ചെറുപ്പകാലമായെത്തുന്നത് താരത്തിന്റെ മകന്‍ ചന്തുവാണ്. രൂപത്തിലും ഭാവത്തിലും സലീംകുമാറിന്റെ ചെറുപ്പകാലം ചന്തു മികച്ചതാക്കിയെന്നും മഹേഷ് നാരായണന്റെ മികച്ച കാസ്റ്റിങ്ങ് തന്നെയാണ് ഇതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

നേരത്തെ മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലും ചന്തു അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലും സലീം കുമാറിന്റെ ബാല്യകാലം തന്നെയാണ് ചന്തു അവതരിപ്പിച്ചത്.

അതേസമയം, ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടി ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചതും മകളായിരുന്നു. ഫഹദിന്റെ ഉമ്മയായ ജമീലയുടെ ചെറുപ്പക്കാലമാണ് ജലജയുടെ മകളായ ദേവി അവതരിപ്പിച്ചത്. സമൂഹ മാധ്യമങ്ങള്‍ ഈ കാസ്റ്റിങ്ങുകളെ ഏറ്റെടുത്ത് കഴിഞ്ഞു.

ഫഹദ് നായകനായ ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.

Vijayasree Vijayasree :