ജനിക്കും മുന്‍പു തന്നെ പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ ജീവന്‍ മരണ പോരാട്ടം നടത്തി, കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും അവന്റെ ശരീരത്തിലാകെ നീലനിറം പടര്‍ന്നിരുന്നു. കുഞ്ഞു ശരീരത്തിലെ ചോര മുഴുവന്‍ വാര്‍ന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവര്‍ ടേബിളില്‍ കിടത്തി; അകാലത്തില്‍ വിടവാങ്ങിയ മകനെ കുറിച്ച് സബിറ്റ

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയില്‍ ഇടം നേടിയ പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന’ചക്കപ്പഴം. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സീരിയല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായി എത്തുന്നത് മിനി സ്‌ക്രീനില്‍ പുതുമുഖം ആയ സബിറ്റ ജോര്‍ജാണ്. സബിറ്റയെയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സബിറ്റയെ മാത്രമല്ല, പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകര്‍ നല്ല രീതിയിലാണ് വരവേറ്റത്.

ഇപ്പോഴിതാ അകാലത്തില്‍ വിടവാങ്ങിയ മകനെ കുറിച്ച് സബിറ്റ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരുടെയോ കൈപ്പിഴകൊണ്ട് മകന് ഡിസേബിള്‍ഡ് ആയി ജനിക്കേണ്ടി വന്നു എന്നാണ് താരം പറയുന്നത്. ആദ്യത്തെ കുഞ്ഞിന്റെ വരവിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ജീവിതത്തിന്റെ ഗതിതന്നെ മാറ്റിയ ആ സംഭവം ഉണ്ടാകുന്നത്. അന്ന് ഞങ്ങള്‍ യുഎസിലാണ്. ഡ്യൂഡേറ്റിന്റെ തലേന്ന് അമ്‌നിയോട്ടിക് ഫ്‌ലൂയിഡ് ലീക്ക് ആകുന്നതായി എനിക്കു മനസ്സിലായി. ഉടന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അഡ്മിറ്റ് ആകാന്‍ അവര്‍ നിര്‍ദേശിച്ചു.

പ്രസവത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. പെയിന്‍ വരാനുള്ള കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ എന്റെ അന്നത്തെ ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ തൂക്കവും കണക്കിലെടുത്താന്‍ സാധാരണ പ്രസവത്തിനുള്ള സാധ്യത കുറവായിരുന്നു. പക്ഷേ വിദേശരാജ്യങ്ങളില്‍ ആദ്യത്തെ പ്രസവമൊക്കെയാകുമ്പോള്‍ നോര്‍മല്‍ ഡെലിവറിക്കുള്ള സാധ്യത മാത്രമാണ് ആദ്യം പരിഗണിക്കുക. അതിനുള്ള എല്ലാവഴികളും അടഞ്ഞാല്‍ മാത്രമേ സി സെക്ഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തുമായിരുന്നുള്ളൂ.

എപ്പിഡ്യൂറല്‍ ചെയ്തു 16 മണിക്കൂര്‍ കഴിഞ്ഞും പ്രസവം നടക്കാനുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. എനിക്ക് മറ്റുവിധത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുകയും ചെയ്തു. കുഞ്ഞിന്റെ അനക്കം കുറയുന്നെന്നും ഹാര്‍ട്ട്ബീറ്റില്‍ വ്യത്യാസം വരുന്നെന്നും എനിക്കു തോന്നി. വയറ്റില്‍ കിടക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള അമ്മമാരുടെ സഹജാവബോധം ഒരിക്കലും തെറ്റാറില്ലല്ലോ. അതങ്ങനെതന്നെ സംഭവിച്ചു. മോണിറ്ററില്‍ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളില്‍ വ്യതിയാനം കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ ഡോക്ടറുടെ സേവനം ഞാന്‍ ആവശ്യപ്പെട്ടു.

പക്ഷേ അവിടെയുണ്ടായിരുന്ന മിഡ്വൈഫ് അതു ചെവിക്കൊള്ളാതെ ഫീറ്റല്‍ സ്‌കാല്‍പ് ഇലക്ട്രോഡ് ഇന്‍സേര്‍ട്ട് ചെയ്തു. കുഞ്ഞിന്റെ തല താഴെവന്ന നിലയിലായിരുന്നതിനാല്‍ ആ ഉപകരണം ഘടിപ്പിച്ചാല്‍ കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കൃത്യമായി കിട്ടുമായിരുന്നു. പക്ഷേ അവരുടെ കൈപ്പിഴമൂലം, മൂര്‍ച്ചയേറിയ ലോഹാഗ്രമുള്ള ആ ഉപകരണം ഇന്‍സേര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ അബദ്ധത്തില്‍ കുഞ്ഞുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ടു. എനിക്ക് രക്തസ്രാവമുണ്ടായിട്ടും കുഞ്ഞിന്റെ നില അപകടത്തിലാണെന്ന് മനസ്സിലായിട്ടും സ്വന്തം കൈപ്പിഴ മറയ്ക്കാനാണ് അവര്‍ ശ്രമിച്ചത്.

ജനിക്കും മുന്‍പു തന്നെ പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ ജീവന്മരണ പോരാട്ടം നടത്തി. എന്റെയും അമ്മയുടെയും തുടര്‍ച്ചയായ നിര്‍ബന്ധത്തിനൊടുവില്‍ ഡോക്ടറെത്തി സി സെക്ഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും അവന്റെ ശരീരത്തിലാകെ നീലനിറം പടര്‍ന്നിരുന്നു. കുഞ്ഞു ശരീരത്തിലെ ചോര മുഴുവന്‍ വാര്‍ന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവര്‍ ടേബിളില്‍ കിടത്തി. റെസിസിറ്റേറ്റ് ചെയ്ത സമയത്ത് അവന്‍ എക്കിള്‍ പോലെയൊരു ശബ്ദം പുറപ്പെടുവിച്ചതോടെയാണ് മരിച്ചില്ലെന്ന് ബോധ്യപ്പെട്ട് അവനെ വെന്റിലേറ്ററിലേക്കു മാറ്റിയത്.

വെറും മൂന്നു ദിവസത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ അവന് വിധിച്ചത്. അപ്പോഴേക്കും അവന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ആകെ താറുമാറായിരുന്നു. രണ്ടു വൃക്കകളുടെയും കരളിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തലച്ചോറിലെ സെല്ലുകളില്‍ രക്തം കട്ടപിടിച്ചു. ഭൂമിയിലേക്കു വരുംമുന്‍പു നടത്തിയ ജീവന്മരണപോരാട്ടത്തില്‍നിന്ന് ജീവിതത്തിലേക്ക് അവന്‍ തിരികെവന്നത് സെറിബ്രല്‍ പാള്‍സിയുമായാണ്. കാഴ്ചശക്തിയോ സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത കുഞ്ഞായി അവന്‍ ജീവിതത്തിലേക്കു തിരിച്ചു വന്നു.

മൂന്നു ദിവസം കഴിഞ്ഞു വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരാഴ്ചകൂടി കാത്തിരിക്കാന്‍ ആയിരുന്നു ഞങ്ങളുടെ തീരുമാനം. പിന്നീട് ആറു ദിവസം പിന്നിട്ടപ്പോള്‍ രക്തം കലര്‍ന്ന രണ്ടു തുള്ളി മൂത്രം അവനില്‍ നിന്നു പുറത്തു വന്നു. അതോടെയാണ് പ്രതീക്ഷ തിരികെ ലഭിച്ചത്. അങ്ങനെ നാലുമാസം നീണ്ട ആശുപത്രിവാസത്തിനുശേഷം അവന്‍ ജീവനെ തിരികെപ്പിടിച്ചുവെന്നും അതിനുശേഷം 12 വര്‍ഷം തങ്ങള്‍ക്ക് ഒപ്പം അവന്‍ ഉണ്ടായിരുന്നുവെന്നും നടി പറയുന്നു.

നീണ്ട 12 വര്‍ഷം അവനെ പരിചരിച്ചത് ഞാനാണ്. സഹായികളുണ്ടായിരുന്നെങ്കില്‍പ്പോലും ഒരമ്മയെപ്പോലെ മറ്റാര്‍ക്കാണ് അവനെ മനസ്സിലാവുക?. സംസാരിക്കാന്‍ പോലും സാധിക്കാത്തിനാല്‍ അവന്റെ വേദനകളും ആവശ്യങ്ങളും ഊഹിച്ചെടുത്ത് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. മാക്‌സ്വെല്‍ എന്നായിരുന്നു അവന്റെ പേര്.

ഞങ്ങളവനെ മാക്‌സ് എന്നായിരുന്നു വിളിച്ചിരുന്നത്. നല്ല ചൈതന്യമുള്ള പ്രസന്നമായ മുഖമായിരുന്നു അവന്റേത്. വേദന കാട്ടാതെ ചിരിച്ചുകൊണ്ടിരിക്കുന്ന മാക്‌സിന്റെ മുഖമാണ് ഉള്ളുനിറയെ. ദൈവം നല്‍കിയ അവനെന്ന സമ്മാനത്തെക്കുറിച്ച് ഞാന്‍ പറയാനാഗ്രഹിക്കുന്നതിതാണ്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും സന്തോഷമുള്ളതും ഏറ്റവും ദുഃഖകരവുമായ കാര്യമായിരുന്നു അവന്റെ ജനനമെന്നും സബിറ്റ അഭിമുഖത്തില്‍ പറയുന്നു.

Vijayasree Vijayasree :