ഇനി രണ്ട് പാട്ടുകള്‍ മാത്രം, ആര്‍ആര്‍ആര്‍ ഉടന്‍ പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് അറിയിച്ച് അണിയറപ്രവര്‍ത്തകര്‍; ആകാംക്ഷയോടെ ആരാധകര്‍

ബ്രഹ്മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന, പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഇനി രണ്ട് പാട്ടുകള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്. കൂടാതെ രാം ചരണും, ജൂനിയര്‍ എന്‍ടിആറും രണ്ട് ഭാഷകളുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി. മറ്റ് ഭാഷകള്‍ എത്രയും വേഗത്തില്‍ തന്നെ പൂര്‍ത്തിയാകുമെന്നും ആര്‍ആര്‍ആറിന്റെ ഔദ്യോഗിക പേജിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തില്‍ അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിനെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രാമരാജുവിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരം ആലിയ ഭട്ടാണ്. സീത എന്നാണ് ആലിയയുടെ കഥാപാത്രത്തിന്റെ പേര്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.

രുധിരം, രൗദ്രം, രണം എന്നാണ് ആര്‍ആര്‍ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Vijayasree Vijayasree :