‘ഹൈദരാബാദ് നല്ല സ്ഥലമാണെങ്കില്‍ അവര്‍ പൊക്കോട്ടെ..’, അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്? സര്‍ക്കാരിനെ ഒരു വിധത്തിലും പഴിക്കാന്‍ സാധിക്കില്ലെന്ന് റെജി ലൂക്കോസ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കേരളത്തില്‍ ഷൂട്ടിംഗിന് അനുമതി നല്‍കാത്തതിനാല്‍ മലയാള സിനിമ പ്രവര്‍ത്തകര്‍ ചിത്രീകരണത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ മറുപടി ഏറെ വിവാദമായിരുന്നു. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍ പ്രശ്നമൊന്നുമില്ല എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റെജി ലൂക്കോസ്. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ താന്‍ പല തവണ കേട്ടിരുന്നു എന്നും അതില്‍ ഒരു തെറ്റുമില്ലെന്നുമാണ് റെജി ലൂക്കോസ് പറയുന്നത്. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് ആയിരകണക്കിന് ആളുകള്‍ ജീവിക്കുന്നുണ്ട്. അതില്‍ സൂപ്പര്‍താരങ്ങള്‍ മാത്രമല്ല താഴെക്കിടയില്‍ ഉള്ളവരുമുണ്ട്. അവര്‍ ഏറെ ബുദ്ധിമുട്ടിലാണ്. 

സര്‍ക്കാരിന് നികുതി ലഭിക്കുന്ന സ്രോതസ് കൂടെയാണ് സിനിമ എന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ എല്‍ വ്യവസായങ്ങളും സ്തംഭിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ്. അത് ആരുടേയും തെറ്റല്ല. സര്‍ക്കാരിനെ ഒരു വിധത്തിലും പഴിക്കാന്‍ സാധിക്കില്ല. ടിപിആര്‍ റേറ്റ് എന്നത് 10 ശതമാനത്തിന് മുകളിലാണ്. ഒരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ജീവന്‍ വളരെ വിലയേറിയതാണ്. 

ടിപിആര്‍ നിരക്ക് കുറച്ചുകൊണ്ടുവരുവാനല്ല ശ്രമത്തിനിടയില്‍ അതിങ്ങനെ സ്റ്റെഡിയായി നില്‍ക്കുന്ന സാഹസിവാര്യത്തില്‍ സ്വാഭാവികമായും സിനിമ പ്രവര്‍ത്തകരുടെ വികാരങ്ങളെ മനസ്സിലാക്കി കൊണ്ട് തന്നെ അതിന് അനുമതി കൊടുത്താല്‍ കേരളത്തിന്റെ പൊതു സമൂഹത്തിന് മുന്നില്‍ അത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമാകും. സിനിമ പ്രവര്‍ത്തകരില്‍ തന്നെ 100 ശതമാനം പേരും അതിനോട് യോജിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സര്‍ക്കാരിന്റെ അനുകൂലമായ നിലപാടുകള്‍ ഈ മേഖലയ്ക്ക് എപ്പോഴും ലഭിക്കാറുണ്ട്. രോഗത്തിന്റെ തീവ്രത വെച്ച് നോക്കുമ്പോള്‍ അനുമതി നല്‍കാന്‍ സാധിക്കില്ല.

സിനിമ പ്രവര്‍ത്തകര്‍ എന്നത് സമൂഹത്തിന്റെ ഭാഗമാണ്. എന്നാല്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും അവര്‍ വ്യത്യസ്തരാണ്. ഒരിടത്ത് ഒതുങ്ങി ഷൂട്ടിങ്ങ് നടത്തി ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ജോലി ചെയ്യുന്നു. അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ബഹുമാനപ്പെട്ട സജി ചെറിയാന്‍ മിനിസ്റ്ററെക്കുറിച്ച് കഴിഞ്ഞ സമീപകാലത്ത് അദ്ദേഹത്തിന്റെ ശരീര ഭാഷയെയും ശബ്ദത്തെയും വ്യാഖ്യാനിച്ചുകൊണ്ട് നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ വാര്‍ത്ത ഞാന്‍ രണ്ടു തവണ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്?

ഹൈദരാബാദ് നല്ല സ്ഥലമാണെങ്കില്‍ അവര്‍ പൊക്കോട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. നമുക്ക് ഓരോരുത്തര്‍ക്കും ഓരോ ട്യൂണ്‍ ഉണ്ട്. സിനിമ ചിത്രീകരണ വിഷയം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ പൊതുവായിട്ടാണ്. അത് സജി ചെറിയാന്‍ എന്ന സിനിമ മന്ത്രി ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനം അല്ല. അത് അദ്ദേഹം പച്ച മലയാളത്തില്‍ ചെങ്ങന്നൂര്‍ ഭാഷയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഷ നിങ്ങള്‍ക്ക് കുറച്ച് കൂടെ കഴിയുമ്പോള്‍ മനസ്സിലാകും. അദ്ദേഹം വളരെ ഹൃദയശുദ്ധി ഉള്ള മന്ത്രിയാണ് എന്നും അദ്ദേഹം പറഞ്ഞു. 


Vijayasree Vijayasree :