നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് രഞ്ജിത്ത്. ഇപ്പോഴിതാ സിനിമയില്‍ ഡീഗ്രേഡിംഗ് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അതിന്റെ തലം മാറിയെന്നും പറയുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത്. നല്ല സിനിമകളാണെങ്കില്‍ നിലനില്‍ക്കുമെന്നും കോഴിക്കോട്ട് മീറ്റ് ദ പ്രസില്‍ സംസാരിക്കവെ രഞ്ജിത്ത് വ്യക്തമാക്കി.
സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെ സജീവ പരിഗണനയിലില്ലെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല.
സിനിമാ സംഘടനകള്‍ക്കും എതിര്‍പ്പില്ല. താമസമില്ലാതെ അത് നടപ്പാകുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയ്ക്ക് വലിയ സഹായം തന്നെയാണെന്നും രഞ്ജിത്ത് വ്യക്തമാക്കി. സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഒ.ടി.ടി സഹായിച്ചു.
ഹോം, തിങ്കളാഴ്ച നിശ്ചയം പോലുള്ള മികച്ച സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം സഹായിച്ചു. അത് ചെറുപ്പക്കാരായ സിനിമാക്കാര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.