കേരളക്കരയാകെ ചര്‍ച്ചചെയ്ത സംഭവമായിരുന്നു അനുപമയും കുഞ്ഞും. നിയമ പോരാട്ടത്തിന് ഒടുവില്‍ ഇന്നലെയാണ് അനുപമയുടെ കൈകളിലേയ്ക്ക് കുഞ്ഞിനെ കിട്ടിയത്. ഇപ്പോഴിതാ കുഞ്ഞിനെ തിരികെ കിട്ടാന്‍ ധൈര്യസമേതം ഇടപെട്ട അനുപമയെ അഭിനന്ദിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് നടി രഞ്ജിനി.
കഴിവുകെട്ട സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയിട്ടും ധൈര്യത്തോടെ തിരികെ കൊണ്ടുവന്ന അനുപമയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ചത്. സംരക്ഷണമൊരുക്കേണ്ട സ്ഥാപനങ്ങളേക്കാള്‍ കാര്യക്ഷമമായി ഇടപെട്ട് മികച്ച ഫലം സൃഷ്ടിച്ച മാധ്യമങ്ങളെയും രഞ്ജിനി അഭിനന്ദിച്ചു.
ശിശുക്ഷേമ സമിതിയുടെയും ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും മേലധികാരികള്‍ രാജിവെക്കേണ്ട സമയം അതിക്രമിച്ചു. ഇവരുടെ പിടിപ്പുകേട് നിമിത്തം, ദത്തെടുത്ത കുഞ്ഞിനെ നഷ്ടമായി കടുത്ത ഹൃദയവേദന അനുഭവിക്കുന്ന ആന്ധ്രയിലെ മാതാപിതാക്കളെ ഓര്‍ത്താണ് ഏറെ സങ്കടം. മാപ്പുപറച്ചിലും നഷ്ടപരിഹാരവും മതിയായ പരിഹാരമല്ല. അവര്‍ക്ക് ശാന്തി ലഭിക്കാനായി പ്രാര്‍ഥിക്കുന്നു എന്നും രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം തന്റെ മകനെ മൂന്ന് മാസത്തോളം കാലം സ്വന്തമായി കരുതി സംരക്ഷിച്ച ആന്ധ്രാ ദമ്ബതിമാര്‍ക്ക് അനുപമ നന്ദി പറഞ്ഞു. തന്റെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് നീതി കിട്ടണമെന്നും ദമ്ബതികള്‍ക്ക് എപ്പോള്‍ വന്നാലും കുഞ്ഞിനെ കാണാമെന്നും അനുപമ പറഞ്ഞു. ദമ്പതിമാരോട് തെറ്റ് ചെയ്തത് താനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.