മനസില്‍ വെച്ച് പെരുമാറാനാ, ഒരാളെ അവഹേളിക്കാനോ പരിഹസിക്കാനോ നില്‍ക്കാത്ത ആളാണ് ഞാന്‍; ജയറാമു് താനും തമ്മിലുള്ള പിണക്കത്തെ കുറിച്ച് രാജസേനന്‍

നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമാ ലോകത്തിന് നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍. ജയറാമിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവിന് വഴിവെച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ വന്നിട്ടുണ്ട്. ജയറാം നായകനായ സിനിമകള്‍ രാജസേനനും ബ്രേക്ക് നല്‍കി. കുടുംബ പശ്ചാത്തലത്തിലുളള ചിത്രങ്ങളാണ് ഇവരുടെതായി കൂടുതല്‍ പുറത്തിറങ്ങിയത്. കടിഞ്ഞൂല്‍ കല്യാണമാണ് ജയറാമിനെ നായകനാക്കി രാജസേനന്‍ ഒരുക്കിയ ആദ്യ ചിത്രം. പിന്നീട് തുടര്‍ച്ചയായി ഈ ടീമില്‍ നിന്നും സിനിമകള്‍ വന്നു. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ പുറത്തിറങ്ങിയത്.

മധുചന്ദ്രലേഖ, കനകസിംഹാസനം തുടങ്ങിയ സിനിമകളാണ് ഈ ഒടുവില്‍ പുറത്തിറങ്ങിയത്. അതേസമയം ജയറാമും രാജസേനും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. എന്നാല്‍ ഇപ്പോഴിതാ ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് രാജസേനന്‍.

ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ മിക്ക സിനിമകളും ബോക്സോഫീസില്‍ വലിയ വിജയം നേടിയവയാണ്. 2 എണ്ണം മാത്രമാണ് ശരാശരി വിജയമായത്. ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒക്കെയാണ് സംസാരിച്ചത്.

ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേയ്ക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.

കാരണം എറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുമ്പോള്‍ നമ്മള്‍ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടോ മോഹിച്ചുകൊണ്ടോ അല്ല വിളിക്കുന്നത്. പക്ഷെ ഒരുകാലം കഴിഞ്ഞപ്പോ ജയറാമിന് ഞാന്‍ ഡേറ്റിന് വിളിക്കുന്നത് പോലെയായി. എന്റെ തോന്നലാണോ അത് എന്ന് അറിയില്ല. പക്ഷേ പിന്നീട് അത് എനിക്ക് മനസിലായി, എന്ന് രാജസേനന്‍ ഓര്‍ത്തെടുത്തു. ഞങ്ങള്‍ വഴക്ക് കൂടിയിട്ടില്ല, ആശയകുഴപ്പങ്ങളുണ്ടായിട്ടില്ല. സാമ്പത്തികമായിട്ടുളള ഇടപെടലുകള്‍ തമ്മിലുണ്ടായിട്ടില്ല. പിന്നെ എന്താണ് അകല്‍ച്ചയുണ്ടായതെന്ന് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ജയറാം ഒട്ടും മുന്‍കോപമുളള ആളല്ല. ജയറാം ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ എനിക്ക് ദേഷ്യമുണ്ട്. എന്നെ അറിയാവുന്നവര്‍ക്ക് എന്റെ ദേഷ്യം അറിയാം. എന്നാല്‍ മുന്‍കോപം എന്നത് എന്നില്‍ നിന്നും പൊട്ടിയൊലിച്ച് അങ്ങ് പോവുന്നതാണ്. മനസില്‍ വെച്ച് പെരുമാറാനാ, ഒരാളെ അവഹേളിക്കാനോ പരിഹസിക്കാനോ നില്‍ക്കാത്ത ആളാണ് ഞാന്‍. ഉളള കാര്യം മുഖത്ത് നോക്കി പറയും. ഇഷ്ടപ്പെടാത്തവര്‍ ശത്രുക്കളായി മാറും. ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ സ്നേഹിക്കും. എനിക്ക് ജയറാമിനെ ഈ വിഭാഗത്തിലൊന്നും കിട്ടിയില്ല.

പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. ജയറാമിന്റെ അഭിമുഖങ്ങളില്‍ പലരും എന്റെ സിനിമകളെ കുറിച്ച് ചോദിക്കാറുണ്ട്. കാരണം ജയറാമിന്റെ ഉയര്‍ച്ചയില്‍ എന്റെ സിനിമകളും പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ പേര് പറയുമ്പോള്‍ അദ്ദേഹം അതേകുറിച്ച് സംസാരിക്കാതെ മറ്റ് ആരുടെയെങ്കിലും പേരിലേക്ക് പോകും, അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

Vijayasree Vijayasree :