രജനി ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ പൊതുയിടത്തില്‍ ആടിനെ അറുത്ത് മൃഗബലി നടത്തി ആരാധകര്‍; പോസ്റ്ററില്‍ രക്താഭിഷേകം നടത്തുകയും ചെയ്തു

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ പോസ്റ്റര്‍ റിലീസിന് പിന്നാലെ മൃഗബലി നടത്തിയിരിക്കുകയാണ് ആരാധകര്‍. തിരുച്ചിയ്ക്കടുത്ത് രജനി ആരാധകര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസിന്റെ ഭാഗമായി ഒരു ആടിനെ പൊതുഇടത്തില്‍ വെച്ച് അറക്കുകയും പോസ്റ്ററില്‍ രക്താഭിഷേകം നടത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പേട്ട പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് മൃഗസംരക്ഷണ സമിതി ആരാധകര്‍ ചെയ്തത് തെറ്റാണെന്ന് വിമര്‍ശനം അറിയിച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ രജനി ആരാധകര്‍ മൃഗബലി നടത്തിയിട്ടുണ്ട്. എന്തിരന്‍ 2.0 റിലീസുമായി ബന്ധപ്പെട്ടാണ് അവസാനമായി ഇത്തരത്തില്‍ ആടിനെ ബലി കൊടുത്തത്.

അതേസമയം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. ഗ്രാമത്തലവന്റെ വേഷമാണ് രജനി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Vijayasree Vijayasree :