രാജമൗലി എന്ത് സംഭവിച്ചാലും അത് ചെയ്യുക തന്നെ ചെയ്യും; വീഡിയോ പങ്കുവെച്ച് നടന്‍ സിദ്ധാര്‍ത്ഥ്

കഴിഞ്ഞ ദിവസമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രം ആര്‍ആര്‍ആറിന്റെ മേക്കിങ്ങ് വീഡിയോ അണിറയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജമൗലി അദ്ദേഹത്തിന്റെ കൈയ്യില്‍ എന്താണോ ഉള്ളത് അത് വെച്ച് സിനിമ ഉണ്ടാക്കുകയല്ല ചെയ്യുക. മറിച്ച് പ്രേക്ഷകര്‍ക്ക് എന്ത് നല്‍കണം എന്ന് തീരുമാനിച്ച ശേഷം അത് നടത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്ത് സംഭവിച്ചാലും അത് ചെയ്യുകയും ചെയ്യും. എന്ത് ഗംഭീരമായൊരു ബിടിഎസ് വീഡിയോ ആണിത്. ആര്‍ആര്‍ആര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് സിദ്ധാര്‍ത്ഥി പറഞ്ഞത്.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങള്‍. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :