ട്രെയ്ലര്‍ റിലീസ് ചെയ്തപോലെ ഉണ്ടായിരുന്നു, അംഗീകാരങ്ങള്‍ അവരുടേതാണ്; പ്രേക്ഷകരോട് നന്ദി പറഞ്ഞ് രാജമൗലി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് രാജമൗലി.

ആര്‍ആര്‍ആര്‍ മേക്കിങ്ങ് വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് നന്ദി. ട്രെയ്ലര്‍ റിലീസ് ചെയ്തപോലെ ഉണ്ടായിരുന്നു. നിരവധിപ്പേര്‍ എനിക്ക് അഭിനന്ദനവുമായി വന്നിരുന്നു. എന്നാല്‍ ഞാന്‍ സിനിമയുടെ ഷൂട്ടിങ്ങ്, പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളില്‍ ആയിരുന്നു. 2 മാസത്തെ കഠിനാധ്വാനം കാര്‍ത്തികേയ, ശ്രീനിവാസ്, വംശി, വാള്‍സ് ആന്‍ഡ് ട്രെന്‍ഡ്‌സിലെ പ്രദീപ് എന്നിവരുടെ അധ്വാനം. അംഗീകാരങ്ങള്‍ അവരുടേതാണ്, എന്നും രാജമൗലി പറഞ്ഞു.

ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ആര്‍ആര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം ‘രുധിരം രണം രൗദ്രം’ എന്നാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്. 450 കോടി മുതല്‍മുടക്കില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2021 ഒക്ടോബറിലാണ് ചിത്രം റിലീസിന് എത്തുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്താല്‍ അത് മാറ്റിവെക്കുകയായിരുന്നു.

Vijayasree Vijayasree :