അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴേ മടുത്തു, ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണ് അവതാര്‍; അവതാറിനെ പുച്ഛിച്ച നന്ദമൂരി ബാലകൃഷ്ണയ്ക്ക് കുറിക്കുക്കൊള്ളുന്ന മറുപടി നല്‍കി രാജമൗലി

ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള തരമാണ് നന്ദമൂരി ബാലകൃഷ്ണ. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രമായ അവതാറിനെ കുറിച്ച് ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അവതാര്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണ് എന്നാണ് ബാലയ്യ ‘അണ്‍സ്റ്റപ്പബിള്‍ വിത്ത് എന്‍ബികെ’ എന്ന ചാറ്റ് ഷോയില്‍ പങ്കെടുക്കവെ പറഞ്ഞത്. സംവിധായകന്‍ എസ്എസ് രാജമൗലി അതിഥിയായി എത്തിയപ്പോഴാണ് അവതാര്‍ സിനിമയെ കുറിച്ചുള്ള അഭിപ്രായം ബാലകൃഷ്ണ പറഞ്ഞത്.

അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴേ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് ബാലകൃഷ്ണ പറയുന്നത്. ഇതിന് തക്ക മറുപടിയും രാജമൗലി നടന് നല്‍കുന്നുണ്ട്. നിങ്ങളുടെ ജനറേഷന് അവതാര്‍ പോലുള്ള സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. എന്നാല്‍ തങ്ങളുടെ ജനറേഷന് അവതാര്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് എന്നാണ് രാജമൗലി പറയുന്നത്.

മറ്റ് ഹീറോകളുടെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ബാലകൃഷ്ണ എന്ന് താരത്തിന്റെ ഭാര്യ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. തിയേറ്ററില്‍ പോയാലും പകുതിക്ക് വെച്ച് ഇറങ്ങിപ്പോരുന്ന സ്വഭാവമാണ് നടനെന്നും താരത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അവതാര്‍ റിലീസ് ചെയ്ത് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ പോകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി കാമറൂണ്‍ അവതാര്‍ 2-വിന്റെ ചിത്രീകരണത്തിലാണ്. 2020ല്‍ രണ്ടാം ഭാഗം പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്താല്‍ റിലീസ് 2022ലേക്ക് മാറ്റുകയായിരുന്നു.

Vijayasree Vijayasree :