മമ്മൂട്ടി ചിത്രം ‘കല്യാണത്തേന്‍ നില’യുടെ രചയിതാവ് പുലമൈ പിത്തന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് കവിയും ഗാനരചിതാവുമായ പുലമൈ പിത്തന്‍ (86) അന്തരിച്ചു. മമ്മൂട്ടി നായകനായ തമിഴ് ചിത്രം മൗനം സമ്മതത്തിലെ ‘കല്യാണത്തേന്‍ നില’യുടെ വരികളിലൂടെ തെന്നിന്ത്യയില്‍ തന്നെ പ്രശസ്തനാണ് പുലമൈ പിത്തന്‍. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അഞ്ച് പതിറ്റാണ്ടിലേറെ ഗാനരചന രംഗത്ത് സജ്ജീവമായ പുലമൈ പിത്തന്‍ ഇതിനോടകം നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനം രചിച്ചിട്ടുണ്ട്. 1968 ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍ നായകനായ ‘കുടിയിരുന്ത കോയില്‍’ എന്ന ചിത്രത്തിന് ‘നാന്‍ യാര്‍ നീ യാര്‍’ എന്ന പാട്ടെഴുതിയാണ് ചലച്ചിത്രരംഗത്ത് എത്തിയത്.

എംജിആര്‍, രജനികാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയ താരങ്ങള്‍ക്ക് വേണ്ടി നിരവധി പാട്ടുകള്‍ എഴുതി ചലചിത്ര ഗാനരചന രംഗത്ത് സജീവമായി. 1935 ല്‍ കൊയമ്പത്തൂരിലാണ് ജനനം. തമിഴ് കവി കൂടിയായിരുന്ന പുലമൈ പിത്തല്‍ സിനിമയില്‍ സജീവമാവുന്നതിനായി ചെന്നൈയിലേക്ക് എത്തുകയായിരുന്നു. നാല് തവണ മികച്ച ഗാന രചിതാവിനുള്ള പുരസ്‌കാരങ്ങള്‍ നേടി.

തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. എംഎസ് വിശ്വനാഥന്‍, കെ വി മഹാദേവന്‍, ഇളയരാജ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. എംജിആര്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ പുലമൈ പിത്തനും എഐഎഡിഎംകെ യുടെ ഭാഗമായി. എംജി ആര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തമിഴ്നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.

Vijayasree Vijayasree :