ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാകാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും പ്രിയങ്ക നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക.
2017ല്‍ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏറെ ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. ആ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡില്‍ ചെയ്തതില്‍ ഏറ്റവും മനോഹരമായതും ഇഷ്ടം തോന്നിയതുമായ വേഷമേതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.
‘ശരിക്കും പറയുകയാണെങ്കില്‍ ഒരുപാട് വേഷങ്ങളുണ്ട്. പക്ഷെ അടുത്ത കാലത്ത് ചെയ്ത വേഷങ്ങള്‍ നോക്കുകയാണെങ്കില്‍ ബാജിറാവോ മസ്താനിയിലെ കാശി ഭായിയും ദില്‍ ദഡ്കനേ ദോയിലെ അയേഷയുമാണ് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍.
കാശിഭായി വളരെ സ്നേഹം നിറഞ്ഞ, എല്ലാം എല്ലാവര്‍ക്കുമായി നല്‍കുന്ന കഥാപാത്രമാണ്. അവര്‍ എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞിരുന്നു.
പിന്നെ എനിക്ക് അതിമനോഹരമായ വസ്ത്രങ്ങളും ആഭരണവും ധരിക്കാനും ലഭിച്ചു. അങ്ങനെ ഉള്ളിലും പുറത്തും ഒരു മനോഹരിയായ വ്യക്തിയായി തോന്നിയിരുന്നു.
അയേഷ വളരെയധികം റിലേറ്റ് ചെയ്യാന്‍ സാധിച്ച കഥാപാത്രമാണ്. അയേഷ ഒരേസമയം മകളും ഭാര്യയും സഹോദരിയും ബിസിനസ് വുമണുമാണ്. അവരുടെ വസ്ത്രധാരണം വളരെ ലളിതവും സ്ത്രീ എന്ന നിലയിലുള്ള അവരുടെ ശക്തിയെ പുറത്തുകൊണ്ടു വരുന്നതുമായിരുന്നു,’ എന്നും പ്രിയങ്ക ചോപ്ര പറയുന്നു.