നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം. കരിയറിലെ ഏറ്റവും വലിയ നേട്ടം പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നത്.
തന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് ചോദിച്ചാല്‍ അത് പദ്മശ്രീയും ദേശീയ അവാര്‍ഡൊന്നും അല്ല. സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെളുപ്പിന് അഞ്ചു മണിക്ക് കൊണ്ടു വന്ന് ഷൂട്ട് ചെയ്യാന്‍ പറ്റി എന്നതാണ്. അവരുടെ ജീവിതത്തില്‍ തന്റെ സിനിമയില്‍ അല്ലാതെ ഒരിക്കലും ആ നേരത്ത് വന്ന് ഷൂട്ട് ചെയ്തിട്ടില്ല.
എങ്ങനെ അത് സാധിച്ചു എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ട്. ‘ക്യോം കീ’ എന്ന പടം തീര്‍ന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ തന്നോട് പറഞ്ഞിട്ടുണ്ട്, ”പ്രിയന്‍ ഗാരു, ഇനി ഒരു സിനിമ നമ്മളൊന്നിച്ച് ചെയ്യുകയാണെങ്കില്‍ ഞാന്‍ കൂടുതല്‍ ദിവസം തരാം, പക്ഷേ, അതിരാവിലെ ഷൂട്ടിങ്ങിന് ഞാന്‍ വരില്ല” എന്ന്.
അവര്‍ തന്നോട് അത്രമാത്രം സഹകരിച്ചു എന്നതൊരു ഭാഗ്യമായാണ് കാണുന്നത് എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. അതേസമയം, ഹംഗാമ 2 ആണ് സംവിധായകന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. ആറ് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ഒരുക്കിയ ബോളിവുഡ് ചിത്രമാണിത്.