ലക്ഷ്ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. താരത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി തുടര്‍ന്ന് സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുമുള്ളര്‍ നടന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ പൃഥ്വിരാജ് കൂടി അംഗമായ താരസംഘടനയായ ‘അമ്മ’ നടനെ പിന്തുണയ്ക്കാന്‍ വിമുഖത കാട്ടിയതിനെ സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ചെയ്യുകയാണ് രാജേഷ് കുമാര്‍ എന്ന സിനിമാ ആരാധകന്‍.
തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാര്‍ഢ്യമോ അമ്മ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നത് വിസ്മയകരമായി പ്രേക്ഷക സമൂഹത്തിന് തോന്നുന്നുവെങ്കില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നാണ് രാജേഷ് കുമാര്‍ തന്റെ കുറിപ്പിലൂടെ പറയുന്നത്. രാജേഷിന്റെ കുറിപ്പ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ രൂപം;
കുറിപ്പ് ചുവടെ, ‘നടന്‍ പൃഥ്വിരാജ് ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച? രാജു ചെയ്യുന്ന പടങ്ങള്‍ രാജു പറയുന്ന വാക്കുകള്‍ എന്നിവ ചര്‍ച്ച പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ ഓര്‍ക്കുക അയാള്‍ മലയാള സിനിമയില്‍ മറ്റേതൊരു താരത്തെക്കാളും ഉയരെ മഹാമേരു പോലെ വളരുകയാണ്..ഇതേ അവസ്ഥയില്‍ മോഹന്‍ലാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
പൊതുവെ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളില്‍ എണ്‍പതു ശതമാനവും ചുമ്മാ കറങ്ങുന്നതിനിടയിലെ കറക്കി കുത്താവും ..എന്നാല്‍ ചിലത് വളരെ ആസൂത്രിതമായ ഒളിയമ്ബുകളുമാവാം… മലയാള സിനിമയില്‍ പൃഥ്വിയുടെ തുടക്കക്കാലം മുതല്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം ഒരു നടനെന്നതിലുപരി വ്യക്തിയെന്ന നിലയ്ക്ക് പൃഥ്വിയുടെ വാക്കുകളിലെ നിശ്ചയദാര്‍ഢ്യവും പരിപ്രേക്ഷ്യ കാഴ്ച്ചപാടുകളും.. വിദ്യാഭ്യാസവും വായനയും മാത്രമല്ല കൃത്യമായ പാരന്റിംഗും പൃഥ്വിയിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
ആരെയും കൂസാത്ത പ്രകൃതവും വ്യക്തമായ രീതിയില്‍ മുഖത്തു നോക്കി സംസാരിക്കാനുള്ള പാടവവും അച്ഛന്‍ സുകുമാരനില്‍ നിന്ന് പാരമ്ബര്യമായി കിട്ടിയതാവണം..എന്നാല്‍ സ്പഷ്ട്ടമായ വാക്കുകള്‍ കൃത്യമായി ഉപയോഗിക്കുന്ന പൃഥ്വിയുടെ രീതി അമ്മ മല്ലികാസുകുമാരനില്‍ നിന്നു തന്നെയാണ് കിട്ടിയത്. ഇപ്പോള്‍ പൃഥ്വി വിമര്‍ശകരുടെ ഇടയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യം ഒരു പ്രസ്താവനയാണ്..അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ല..ഒരു സമൂഹത്തിലെ തദ്ദേശവാസികളില്‍ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച് അവരില്‍ നിന്നുമറിഞ്ഞപ്പോള്‍ സൗഹൃദമുഖങ്ങളുടെ വേദനയില്‍ രാഷ്ട്രീയവല്‍ക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പൊസ്റ്റ് എഴുതിയിട്ടിരിക്കുന്നത്..
ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീര്‍ച്ചയായും പൃഥ്വിയ്ക്ക് തന്റെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് കാണാന്‍ കഴിയാതെ പോയി? ഇന്ന് പൃഥ്വിയെ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും പൃഥ്വിരാജ് എന്ന നടനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന എത്രപേരുണ്ടാവുമെന്ന് സോഷ്യല്‍ മീഡിയകളിലെ കമന്റ്സുകളില്‍ നിന്ന് നമുക്ക് ഒരിക്കലും തിരിച്ചറിയാനാവില്ല..
അനുകൂലിക്കുന്നവര്‍ക്ക് പൃഥ്വി ആയുധവും പ്രതികൂലിക്കുന്നവര്‍ക്ക് പൃഥ്വി ഇരയുമാണ്. മലയാള സിനിമയില്‍ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്..അവരെയൊന്നും ഒരിക്കലും സ്പര്‍ശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച് മാധ്യമങ്ങള്‍ക്കു മുമ്ബില്‍ വിചാരണയ്ക്കായി തൊടുത്തു വിടുന്ന ചിലരിലേയ്ക്കും അതേസമയം മറ്റൊരു രീതിയില്‍ സംശയത്തിന്റെ മുന നീളുന്നുണ്ട്.അടുത്ത സൂപ്പര്‍താരപദവിയ്ക്ക് എന്തുകൊണ്ടും അര്‍ഹനായ പൃഥ്വിയെ വിവാദച്ചൂളയിലേയ്ക്ക് നയിക്കുന്നതില്‍ പ്രത്യേകം അജണ്ട വല്ലതുമുണ്ടോ?
കേട്ട പാതി കേള്‍ക്കാത്ത പാതി മുഖമില്ലാത്ത സോഷ്യല്‍ മീഡിയകളിലെ ഫേക്ക് ഐഡിയുടെ നിലവാരത്തില്‍ മലയാളത്തിലെ ഒരു ദൃശ്യമാധ്യമം അദ്ദേഹത്തിന്റെ രക്ഷിതാക്കളെ വരെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത് ഈ രംഗത്തെ മറ്റൊരു സാംസ്‌ക്കാരിക അപചയമായേ കാണാന്‍ കഴിയൂ.. തങ്ങളുടെ കുടുംബത്തിലെ ഒരു ചെറുപ്പക്കാരനെ ഈ തരത്തില്‍ വ്യക്തിഹത്യ നടത്തിയിട്ടും ഒരു പ്രസ്താവനയോ ഐക്യദാര്‍ഢ്യമോ #അമ്മ എന്ന സംഘടന പുറപ്പെടുവിച്ചില്ലെന്നതും തികച്ചും വിസ്മയകരമായി പ്രേക്ഷക സമൂഹത്തിന് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!പൃഥ്വിയുടെ പിതാവായ നടന്‍ സുകുമാരനും തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഇത്തരം ഒറ്റപ്പെടലുകള്‍ സ്വന്തം സംഘടനയില്‍ നിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്..
നടന്‍ സുരേഷ്ഗോപിയ്ക്കും സമാനമായ അനുഭവം സ്വന്തം സിനിമാ സംഘടനയില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും ഉണ്ടായിട്ടുണ്ട്..അതുകൊണ്ട് തന്നെ ഈയൊരു സാഹചര്യത്തില്‍ പൃഥ്വിരാജിനൊപ്പം നില്‍ക്കാന്‍ അദ്ദേഹം തയ്യാറായി..ഇതുപോലൊരു ചങ്കൂറ്റം നമ്മള്‍ പ്രതീക്ഷിക്കുന്ന പലരില്‍ നിന്നും ,അമ്മ,മാക്ട്ട ഫെഫ്ക എന്നീസംഘടനകളില്‍ നിന്നോ പൃഥ്വിയ്ക്കൊപ്പം മലയാള സിനിമയില്‍ നില്‍ക്കുന്ന പ്രശസ്ത യുവനായകനിരയില്‍ നിന്നോ ഉണ്ടായില്ലയെന്നതും അതിശയലും ഖേദകരവുമായി തോന്നുന്നു! പൃഥ്വിയുടെ വാഹനത്തിന്റെ പേരും പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മയെ ട്രോളിയ പലരും ഇന്ന് പൃഥ്വിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഉണ്ട്..
എല്ലാവര്‍ക്കും തങ്ങള്‍ക്ക് അനുകൂലമായത് ലഭിക്കുമ്ബോള്‍ അയാള്‍ മഹാനാവുകയാണ്..അല്ലാത്തപ്പോള്‍ അയാള്‍ അടിമകളും..നടി പാര്‍വ്വതി തിരുവോത്ത് ഈ രണ്ട് വേര്‍ഷനുകളും ശരിക്കും ഇവിടെ നിന്ന് മനസ്സിലാക്കിയിട്ടുള്ള മറ്റൊരു താരമാണ്. സിനിമാനടനെന്ത് രാഷ്ട്രീയം ? എന്നു പറഞ്ഞ കാലഘട്ടത്തില്‍ നിന്നും അവര്‍ക്കും നിലപാടുകള്‍ ഉണ്ട് എന്ന് പറയുന്ന കാലഘട്ടത്തിലേയ്ക്ക് നാം എത്തിയപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് അവര്‍ക്ക് കൃത്യമായ ഒരു സ്പേസ് കൊടുക്കുക എന്നതാണ് നാം ചെയ്യേണ്ടത്. കലാകാരന്‍മാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തര്‍ക്കും ഉണ്ടെന്നത് നാം മറക്കരുത്..’