ആധാറിനെ തെറ്റായി ചിത്രീകരിച്ചു, പൃഥ്വിരാജ് ചിത്രത്തിനെതിരെ യുഐഡിഎഐയും ഒപ്പം ബിജെപി പ്രവര്‍ത്തകരും

പൃഥ്വിരാജ് നായകനായി അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു കോള്‍ഡ് കേസ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. 

ആധാറിനെ തെറ്റായി ചിത്രീകരിച്ചെന്ന വിമര്‍ശനമുന്നയിച്ചാണ് യുഐഡിഎഐ രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ ഒരു നിര്‍ണ്ണായക രംഗത്ത് കേസ് അന്വേഷണത്തിനായി പൃഥിരാജിനും സംഘത്തിനും അധാര്‍ അതോറിറ്റിയില്‍ നിന്ന് വ്യക്തിഗത വിവരം കിട്ടുന്നതായി അറിയിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടില്ല. 

ആധാര്‍ നിയമം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ബയോമെട്രിക് വിശദാംശങ്ങള്‍ ഒരു കാരണവശാലും ഒരു വ്യക്തിയുമായോ സ്ഥാപനവുമായോ പങ്കിടില്ല. ഇത് പൂര്‍ണമായും തെറ്റാണ്. അതു മാത്രമല്ല, ആധാറിനെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്നും യുഐഡിഎഐ പറയുന്നു.

സാങ്കല്‍പ്പികവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളില്‍ വിശ്വസിക്കരുത് എന്നും ആധാര്‍ വിവരങ്ങള്‍ ഏതെങ്കിലും പൊതുഇടങ്ങളില്‍ പങ്കിടരുതെന്നും അതോറിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, രാഷ്ട്രീയ പ്രവര്‍ത്തകനായ ശ്രീജിത്ത് പന്തളവും ഈ വിഷയത്തിന്റെ പശ്ചത്തലത്തില്‍ കുറിപ്പുമായി എത്തിയിരുന്നു. ഈ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 


കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു; 

ഫ്രിഡ്ജിനകത്ത് പ്രേതം കുടിയിരിക്കുന്ന വിവരക്കേട് പ്രമേയമാക്കി മണ്ടത്തരം കാണിച്ച് ട്രോള്‍ ഏറ്റുവാങ്ങിയതിന് പുറമേ, പ്രിത്വിരാജ് നായകനായ മലയാള പടത്തിന് എട്ടിന്റെ പണിയുമായി യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി, ആധാര്‍ കാര്‍ഡിനുള്ളിലെ ഫോട്ടോയുടെ തല വെട്ടി വേറെ ഫോട്ടോ വെച്ച് വസ്തു രജിസ്‌ട്രേഷന്‍ നടത്തി എന്ന് പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ വിഡ്ഢി ആക്കുന്ന വിവരക്കേട് പുലമ്പിയതിന്, നിയമ നടപടി സ്വീകരിക്കാന്‍ യൂണിക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ.

ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റി വേറെ ഒരെണ്ണം വെച്ച് കഴിഞ്ഞാല്‍ അത് തിരിച്ചറിയാന്‍ കഴിയില്ല എന്ന രീതിയില്‍ ആളുകളില്‍ തെറ്റിദ്ധാരണ പരത്തിയത് വലിയ വിവരദോഷവും നിയമത്തെയും സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും അവഹേളിക്കുന്നതുമാണ്. ബയോമെട്രിക് സാങ്കേതികവിദ്യയും ബാക്കി സംവിധാനങ്ങളും ഉള്‍പ്പെട്ട ആധാര്‍ എന്നുപറയുന്ന ദേശീയതലത്തില്‍ ഒരാളുടെ തിരിച്ചറിയല്‍ സംവിധാനത്തിനെ നാണംകെടുത്തുന്ന തരത്തിലേക്ക് വിവരക്കേട് പറഞ്ഞതിന് ഈ സിനിമയുടെ അണിയറക്കാര്‍ കുറിച്ച് കോടതി കയറേണ്ടി വരും’ എന്നായിരുന്നു പോസ്റ്റ്. 

ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. മാത്രമലല്, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അദിഥി ബാലന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കോള്‍ഡ് കേസ്. 

Vijayasree Vijayasree :