ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. 6.5 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രഭാസിനെ പിന്തുടരുന്നത്. എന്നാല്‍ ആകെ 14 പേരെയാണ് പ്രഭാസ് പിന്തുടരുന്നത്.പ്രഭാസ് പിന്തുടരുന്ന ആളുകളില്‍ എട്ട് പേരും ബോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. ആറ് നടിമാരെയും പ്രഭാസ് ഫോളോ ചെയ്യുന്നുണ്ട്.
ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, ശ്രുതി ഹസന്‍, ഭാഗ്യ ശ്രീ, പൂജ ഹെജ്‌ഡെ തുടങ്ങിയ താരങ്ങളെയാണ് പ്രഭാസ് ഫോളോ ചെയ്യുന്നത്. പ്രഭാസിന്റെ നായികമാരായി എത്തിയവരും ആകാന്‍ പോകുന്നവരുമാണ് ഈ നടിമാര്‍. എന്നാല്‍ ലിസ്റ്റില്‍ അനുഷ്‌ക ഷെട്ടിയുടെ പേരില്ലാത്തത് ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
നടന്റെ കരിയറിലെ ആദ്യ സിനിമകളിലെ നായികമാര്‍ ആയിരുന്ന തൃഷ, കാജല്‍ അഗര്‍വാള്‍ എന്നിവരെയും പ്രഭാസ് ഫോളോ ചെയ്യുന്നില്ല. അമിതാഭ് ബച്ചന്‍, നടന്‍ സണ്ണി സിംഗ്, നാഗ് അശ്വിന്‍, സംവിധായകരായ രാധ കൃഷ്ണ കുമാര്‍, പ്രശാന്ത് നീല്‍, ഓം റൗട്ട്, സുജീത്ത്, എഡിറ്റര്‍ ഡി ബി ബ്രാക്കമോണ്ടസ് എന്നിവരാണ് പ്രഭാസ് ഫോളോ ചെയ്യുന്ന മറ്റു പ്രമുഖര്‍.
അതേസമയം, ടോം ക്രൂസ് നായകനാകുന്ന മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗത്തില്‍ നടന്‍ പ്രഭാസും എത്തുമെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി സംവിധാകന്‍ ക്രിസ്റ്റഫര്‍ മക്വാറി തന്നെ രംഗത്തെത്തിയിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയപ്പോള്‍ മക്വാറി താരത്തോട് ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിച്ചെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളി എന്നുമായിരുന്നു പ്രചരണം.
ഇത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. ലോകേഷ് വല്ലപു റെഡ്ഡി എന്നയാള്‍ ക്രിസ്റ്റഫര്‍ മക്വാറിയെ ടാഗ് ചെയ്ത് പ്രചരണം സത്യമാണോ എന്ന് ചോദിക്കുകയായിരുന്നു. മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നുമായിരുന്നു ചോദ്യം.
ഈ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ”അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍നെറ്റിലേക്ക് സ്വാഗതം” എന്നാണ് മക്വാറി മറുപടിയായി ട്വീറ്റ് ചെയ്തത്.അതേസമയം, പ്രഭാസിനോട് അടുത്ത വൃത്തങ്ങളും വാര്‍ത്തകളോട് പ്രതികരിച്ചു. പ്രഭാസ് ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.