200 തിയേറ്ററുകള്‍ തരാം എന്ന വാക്ക് തിയേറ്റര്‍ ഉടമകള്‍ തെറ്റിച്ചു; ഒടുവില്‍ ആ നിര്‍ണ്ണായക തീരുമാനവുമായി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്യുവാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍. തിയേറ്റര്‍ ഉടമകളാണ് വാക്ക് തെറ്റിച്ചത് എന്നും വാങ്ങിയ പണം ആന്റണി പെരുമ്പാവൂര്‍ തിരികെ നല്‍കാന്‍ തയ്യാറാണ് എന്നും സംഘടന അറിയിച്ചു.

മരക്കാര്‍ എന്ന സിനിമയുടെ റിലീസിനായി 200 തിയേറ്ററുകള്‍ തരാം എന്ന് തിയേറ്റര്‍ ഉടമകള്‍ വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ വാക്ക് ഇവര്‍ തെറ്റിക്കുകയാണ് ചെയ്തത് എന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. ചേംബറിനെ മറികടന്ന് തിയറ്ററുടമകള്‍ തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു എന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

Vijayasree Vijayasree :