ബ്രിട്ടീഷ് വിദ്വേഷം പ്രകടമായി, ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയില്‍ നിന്നും സര്‍ദാര്‍ ഉദ്ദത്തെ പിന്തള്ളി; ജൂറി അംഗങ്ങളുടെ കാരണം വിവാദത്തില്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയില്‍ നിന്നും സര്‍ദാര്‍ ഉദ്ദം എന്ന സിനിമ പിന്തള്ളപ്പെടാനുള്ള കാരണം വ്യക്തമാക്കിയ ജൂറി അംഗങ്ങള്‍ക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. കൂഴങ്കല്‍ എന്ന തമിഴ് ചിത്രമാണ് ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാകാന്‍ മത്സരിച്ച 14 ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ സര്‍ദാര്‍ ഉദ്ദം എന്ന ചിത്രവും ഇടം നേടിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് വിദ്വേഷം പ്രകടമായതിനാലാണ് ചിത്രം പിന്തള്ളപ്പെട്ടതെന്നാണ് ജൂറി അംഗങ്ങള്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ഇതാണ് വിവാദമായിരിക്കുന്നത്.

വിക്കി കൗശലിനെ നായകനാക്കി ഷൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മൈക്കിള്‍ ഒ’ഡയറെ ഇംഗ്ലണ്ടില്‍ പോയി കൊലപ്പെടുത്തി പ്രതികാരം നിറവേറ്റുന്ന ഉദ്ദമിന്റെ കഥയാണ് പറയുന്നത്.

ആഗോളവത്കരണ കാലത്ത് ഇത്തരത്തില്‍ വിദ്വേഷം പേറുന്ന സന്ദേശങ്ങളുള്ള സിനിമ ഓസ്‌കര്‍ പോലെയുള്ള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നാണ് ജൂറി അംഗമായ ഇന്ദ്രദീപ് ദാസ് ഗുപ്ത പ്രതികരിച്ചത്. സിനിമ വല്ലാതെ വലിച്ചു നീട്ടിയെന്ന് മറ്റു ചില ജൂറി അംഗങ്ങള്‍ പറയുന്നു.

ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വേദന കാണികളിലേക്ക് എത്തിക്കാന്‍ സമയമെടുത്തത് ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിച്ചുവെന്നും ക്ലൈമാക്സിലേക്ക് എത്താന്‍ വൈകിയത് തിരിച്ചടിയായെന്നും ജൂറി അംഗങ്ങള്‍ പറയുന്നു. ഈ വെളിപ്പെടുത്തലിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടാണ് സര്‍ദാര്‍ ഉദ്ദമിന്റെ ജീവിതമെന്നും അത് ചിത്രീകരിക്കുന്ന സിനിമയ്ക്ക് അര്‍ഹമായ ആദരം ഇല്ലാതാക്കരുതെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കഥ പറഞ്ഞ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി സിനിമ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയതാണ് എന്ന് പലരും പറയുന്നു.

Vijayasree Vijayasree :