‘കറുപ്പും വെള്ളുപ്പും കോപ്പും… ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്റെ പടവും മണി ചേട്ടന്റെ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ട് ഉണ്ട്’; പ്രതികണവുമായി ഒമര്‍ലുലു

രോഹിത് വിഎസിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രമാണ് ‘കള’. വളരെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം തന്നെ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുമേഷ് മൂര്‍. ചിത്രത്തിലെ സുമേഷിന്റെ പ്രകടനത്തിന് നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തില്‍ ലഭിച്ച അവസരം വേണ്ടെന്നു വെച്ചത് നിറത്തിന്റെ രാഷ്ട്രീയം ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണെന്ന് താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് സുമേഷിന്റെ വാക്കുകളില്‍ പ്രതികരണവുമായി എത്തിയത്. ഇപ്പോഴിതാ ഇതിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

‘കറുപ്പും വെള്ളുപ്പും കോപ്പും. ഞാന്‍ മമ്മുക്കയുടെ പടവും ലാലേട്ടന്റെ പടവും മണി ചേട്ടന്റെ പടവും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ട് ഉണ്ട്. അതൊന്നും വെള്ളുപ്പും കറുപ്പും നോക്കിയിട്ട് അല്ലാ. തീയറ്ററില്‍ കൈയ്യടിച്ച് രസിക്കാം എന്ന തോന്നലില്‍ മാത്രമാണ്’ എന്നും ഒമര്‍ ലുലു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിനും പിന്നാലെ നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്.

‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേയ്ക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവെച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ, അതുവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ‘എന്നുമായിരുന്നു മൂര്‍ പറഞ്ഞിരുന്നത്.

Vijayasree Vijayasree :