എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചത്, പ്രതികരണവുമായി ഒമര്‍ലുലു

പ്രശസ്ത യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. എംവിടി കുറ്റക്കാരാണെന്ന് കോടതിക്ക് മനസിലായത് കൊണ്ടാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ‘ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്ത് അവരുടേതായ തെറ്റുകള്‍ ഉണ്ട്. എംവിഡി ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എന്റെ അറിവില്‍ കേസെടുത്തിരുന്നത്. 

പക്ഷെ കോടതി അവര്‍ക്ക് ജാമ്യം നല്‍കി. അത് എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് എബിനും ലിബിനും ജാമ്യം ലഭിച്ചത്. ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ?’എന്നും ഒമര്‍ ലുലു ചോദിക്കുന്നു. 

അതേസമയം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവാന്‍ വീണ്ടും നിരത്തിലിറക്കാം. എന്നാല്‍ നിലവില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റണം. നിയമം മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ല. 

വാഹനത്തിനു ചുമത്തിയ പിഴയടക്കാനും വാഹനം പൂര്‍വ സ്ഥിതിയിലാക്കാനും വ്‌ളോഗര്‍മാര്‍ക്ക് അവസരമുണ്ടെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.  ബീഹാറില്‍ സൈറണ്‍ ഉപയോഗിച്ച് ടോള്‍ പ്ലാസ വെട്ടിച്ചു കടന്നത് ഉള്‍പ്പെടെ ഇ-ബുള്‍ ജെറ്റ് വീഡിയോകളില്‍ എല്ലാം പരിശോധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അങ്ങനെ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ജെറ്റ് സഹോദരന്മാര്‍ നേരിടേണ്ടി വരും.

Vijayasree Vijayasree :