നടന്‍ നെടുമുടി വേണുവിന് പ്രണാമം അര്‍പ്പിച്ച് ഹോമേജ് വിഭാഗത്തില്‍ മാര്‍ഗം പ്രദര്‍ശിപ്പിക്കും; രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി

ഇന്ത്യയുടെ 52-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ബോളിവുഡ് താരങ്ങളാല്‍ സമ്പന്നമായ സദസില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മേളയുടെ തിരിതെളിച്ചു. ഗോവ ഗവര്‍ണര്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായിരുന്നു. കലാകാരന്‍മാരെ ദൈവതുല്യരായി കണ്ട രാജ്യമാണ് ഇന്ത്യയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി എല്‍ മുരുഗന്‍, സല്‍മാന്‍ഖാന്‍, കരണ്‍ജോഹര്‍, ഋതേഷ് ദേശ്മുഖ്, തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ഫിലിം പേഴ്‌സണാലിറ്റി അവാര്‍ഡ് പ്രശസ്ത നടി ഹേമമാലിനിയും ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയും അനുരാഗ് ഠാക്കൂറില്‍ നിന്ന് ഏറ്റുവാങ്ങി.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും ഇസ്തവാന്‍ സാംബോയ്ക്കും വേണ്ടി പ്രതിനിധികള്‍ സ്വീകരിച്ചു. കിംഗ് ഓഫ് ആള്‍ ദി വേള്‍ഡ് ആയിരുന്നു ഉദ്ഘാടന ചിത്രം.

അന്തരിച്ച മലയാളി നടന്‍ നെടുമുടി വേണുവിന് പ്രണാമമര്‍പ്പിച്ച് ഹോമേജ് വിഭാഗത്തില്‍ മാര്‍ഗം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദ്യം വേണുവിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് രാവിലെ പത്തുമണിക്കാണ് ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കുന്നത്.

Vijayasree Vijayasree :