‘ഉള്ളടക്കം എത്ര മികച്ചതാണെങ്കിലും..അഭിനേതാവോ സംവിധായകനോ നന്നല്ലെങ്കില്‍ ഉള്ളടക്കത്തിന് അര്‍ത്ഥമില്ലാതാകും’; സിനിമകള്‍ ശോഭിക്കാത്ത കാരണത്തെ കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. മാത്രമല്ല, നെറ്റ്ഫ്ളിക്സ് ചിത്രമായ സീരിയസ് മെന്നിലെ പ്രകടനത്തിലൂടെ എമ്മി അവാര്‍ഡില്‍ മികച്ച നടന്‍ വിഭാഗത്തിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട് താരം. ഇപ്പോഴിതാ നല്ല ഉള്ളടക്കമുള്ള സിനിമകള്‍ ഉണ്ടാക്കാന്‍ നല്ല ആളുകളും ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

സിനിമയുടെ കഥയാണോ അവതരിപ്പിക്കുന്ന അഭിനേതാക്കളാണോ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്നാണ് നവാസുദ്ദീന്‍ പറഞ്ഞത്. ഒരുപാട് നല്ല കഥകളുള്ള സിനിമകള്‍ ഇവിടെയുണ്ടാകാറുണ്ട്. പക്ഷെ ഒന്നിനും ശോഭിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന് കാരണം സംവിധായകരുടേയും അഭിനേതാക്കളുടെയും തിരഞ്ഞെടുപ്പിലെ പാളിച്ചകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിനേതാക്കളോ സംവിധായകരോ നന്നല്ലെങ്കില്‍ ഉള്ളടക്കത്തിന് അര്‍ത്ഥമില്ലാതാകും. ‘ഉള്ളടക്കം എത്ര മികച്ചതാണെങ്കിലും… അഭിനേതാവോ സംവിധായകനോ നന്നല്ലെങ്കില്‍ ഉള്ളടക്കത്തിന് അര്‍ത്ഥമില്ലാതാകും. ‘ഒരു നല്ല ഉത്പന്നം ഉണ്ടാക്കാന്‍ അതിന് ചേരുന്ന നല്ല ആളുകള്‍ ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു.

മനു ജോസഫ് എഴുതിയ സീരിയസ് മെന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിയസ് മെന്‍ ഒരുക്കിയത്. സുധീര്‍ മിശ്രയായിരുന്നു സിനിമ സംവിധാനം ചെയ്തത്. അയ്യന്‍ മണി എന്ന ഇന്ത്യയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ പ്രതിനിധിയായാണ് നവാസുദ്ദീന്‍ ചിത്രത്തില്‍.

പത്തു വയസുള്ള തന്റെ മകനെ പ്രശസ്തനാക്കാന്‍ ഒരു അച്ഛന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങളിലൂടെ നീങ്ങുന്ന ചിത്രമാണ് സീരിയസ് മെന്‍. ഭാവേഷ് മണ്ഡലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാസൂദ്ദീന്‍ സിദ്ധിഖിക്ക് പുറമെ ഇന്ദിര തിവാരി, നാസര്‍, അക്ഷത് ദാസ്, സഞ്ജയ് നര്‍വേക്കര്‍, ശ്വേത ബസു പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

Vijayasree Vijayasree :