ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് ആഘോഷിക്കുന്നത് അപകടകരം; നമുക്കൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്; താലിബാനെതിരെ നസീറുദ്ദീന്‍ ഷാ

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത് അധികാരം സ്വന്തമാക്കിയ വാര്‍ത്ത ലോകമെമ്പാടെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ.

ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് ആഘോഷിക്കുന്നത് അപകടകരമാണ്. താലിബാനെ ആഘോഷിക്കുന്നവന്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണം. നമുക്കൊന്നും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്- നസീറുദ്ദീന്‍ ഷാ പറഞ്ഞു.

മാത്രമല്ല, താലിബാന്റെ പുനരുജ്ജീവനത്തില്‍ ആഹ്‌ളാദിക്കുന്നവര്‍ തങ്ങളുടെ മതത്തെ പരിഷ്‌കരിക്കാനാണോ അതോ പഴയ ക്രൂരതയോടൊപ്പം ജീവിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന് സ്വയം ചോദിക്കണമെന്ന് 71 കാരനായ താരം പറഞ്ഞു.

ഇന്ത്യയിലെ ഇസ്ലാമും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആചരിക്കുന്ന ഇസ്ലാമും തമ്മില്‍ വ്യത്യാസം ഉണ്ടെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. ”ഹിന്ദുസ്ഥാനി ഇസ്ലാം” ലോകമെമ്പാടുമുള്ള ഇസ്ലാമില്‍ നിന്ന് എപ്പോഴും വ്യത്യസ്തമാണ്, നമുക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം അത് മാറുന്ന ഒരു കാലം ദൈവം ഉണ്ടാക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അഫഗാനിസ്ഥാനിലെ മുന്‍ സര്‍ക്കാരിന്റെ സൈന്യത്തെ കീഴടക്കിയ ശേഷം ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ട് ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു.

നസീറൂദ്ദീന്‍ ഷായുടെ വീഡിയോ സയേമ എന്ന കലാകാരിയാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 100 ശതമാനം സത്യമാണെന്നും താലിബാന്‍ ഒരു ശാപമാണെന്നും സയേമ വീഡിയോ പങ്കുവച്ചു കുറിച്ചിട്ടുണ്ട്.

Vijayasree Vijayasree :