50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായകനുള്ള അംഗീകാരം നേടി എടുത്ത സന്തോഷത്തിലാണ് നജീം അര്‍ഷാദ്. യാത്രകളെ ഏറെ സ്നേഹിക്കുന്ന താരം കുടുംബസമേതമുള്ള മൂന്നാര്‍ യാത്രയിലായിരുന്നു ഈ വാര്‍ത്തയെത്തിയത്. ലോക്ഡൗണിന് മുന്‍പും ശേഷവും പോകാന്‍ ആഗ്രഹിച്ച പലയിടങ്ങളിലും പോയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു നജീം തന്റെ പ്രിയ യാത്രകളെ കുറിച്ച് തുറന്ന് പറഞ്ഞത്.
2015 ലായിരുന്നു എന്റെ വിവാഹം. തസ്നി എന്നാണ് ഭാര്യയുടെ പേര്. ഡെന്റിസ്റ്റാണ്. വിവാഹശേഷമുള്ള മിക്ക യാത്രകളിലും ഭാര്യയെയും ഒപ്പം കൂട്ടും. സ്റ്റേജ് ഷോ കള്‍ക്കായി നിരവധി വിദേശ രാജ്യങ്ങളില്‍ പോകുവാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയ, യുകെ, സൗദി അറേബ്യ, അങ്ങനെ കുറേ സ്ഥലങ്ങളില്‍ ഒരുമിച്ച് യാത്ര നടത്താന്‍ സാധിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ പോയപ്പോള്‍ രണ്ടാള്‍ക്കും ഒരുമിച്ച് ഉംറ ചെയ്യുവാനുള്ള ഭാഗ്യവും ഉണ്ടായി. ഈ അനുഗ്രഹങ്ങളൊക്കെയും സംഗീതം സമ്മാനിച്ചതാണ്. ജോലിയുടെ ഭാഗമായിട്ടല്ലാതെയും ഞങ്ങള്‍ യാത്ര ചെയ്യാറുണ്ട്.
ജമ്മുകാശ്മീര്‍, ശ്രീനഗര്‍, കര്‍ഗില്‍, ലഡാക്ക്, കുളു-മണാലി, അങ്ങനെ നീളുന്നു. അതിഗംഭീരമായൊരു ട്രിപ്പായിരുന്നു. ഓരോ കാഴ്ചകള്‍ക്കും വ്യത്യസ്ത സൗന്ദര്യമായിരുന്നു. ശരിക്കും ആസ്വദിച്ച് നടത്തിയ യാത്ര. എന്നാല്‍ മനസില്‍ നല്ല ഭയവുമുണ്ടായിരുന്നു. ഭീകരാക്രമണങ്ങളൊക്കെ നടക്കുന്ന സ്ഥലമല്ലേ, തീര്‍ച്ചയായും പേടിക്കും. പിന്നെ ഞാനും ഭാര്യയും ദുബായിലുള്ള ഒരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയത്.
മൂന്നാര്‍, ഇടുക്കി, തേക്കടി യാത്രയ്ക്കിടയിലായിരുന്നു നജീമിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ലോക്ഡൗണ്‍ മാറിയ സമയത്ത് ഞാനും ഫാമിലിയും പൂവാറിന് പോയിരുന്നു. തിരുവനന്തപുരം സ്വദേശി ആയതിനാല്‍ അവിടുത്തെ മിക്ക ടൂറിസ്റ്റ് ഇടങ്ങളും കണ്ട് കഴിഞ്ഞതാണ്. എങ്കിലും പൂവാറിലെ ബോട്ടിങ്ങിന് പോകാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ കുടുംബവുമൊക്ക് പൂവാര്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു. സിനിമയിലൊക്കെ കാണുന്നത് പോലെ കണ്ടല്‍ കാട്ടിലൂടെയാണ് ആ ബോട്ട് പോവുക. കണ്ടല്‍ക്കാട്ടിലൂടെ പോയി നേരെ ചെന്ന് കയറുന്നത് കടലിലേക്കാണ്. മനോഹരമായിരുന്നത്. കായലും കടലും സംഗമിക്കുന്ന ഭൂമിയാണ് പൂവാര്‍.
ഞങ്ങളുടെ സ്വപ്ന യാത്ര ഹിമാലയത്തിലേക്ക് ആയിരുന്നു. ആ യാത്രയും യാഥാര്‍ഥ്യമായി. ഏകദേശം 20 ദിവസമെടുത്താണ് ഹിമാലയം യാത്ര നടത്തിയത്. ഞങ്ങള്‍ രണ്ട് പേരെയും സംബന്ധിച്ച് അതൊരു ജീവിതാഭിലാഷമായിരുന്നു. 2019 ലായിരുന്നു ആ സാഹസിക യാത്ര, ഡല്‍ഹി വരെ വിമാനത്തിലും അവിടെ നിന്ന് ജീപ്പിലുമായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്നും ഹിമാലയം വരെ ജീപ്പ് എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ എത്രത്തോളം സാഹസികമാണെന്ന്. 4000 കിലോമീറ്ററോളം ജീപ്പിലൂടെ യാത്ര ചെയ്തു. ആ യാത്രയില്‍ ഇന്ത്യയുടെ ഏതാണ്ട് വടക്കന്‍ പ്രദേശങ്ങള്‍ മുഴുവന്‍ കണ്ടു എന്നും നജീം പറയുന്നു.