”ഇടതുപക്ഷത്തെയും, ബിജെപിയെയും ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയ മാലിക്”; വിമര്‍ശനവുമായി നജീം കോയ

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാലിക്ക്. ചിത്രത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.

ഇപ്പോഴിതാ മാലിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ. സിനിമയിലെ രാഷ്ട്രീയത്തെയാണ് നജീം വിമര്‍ശിക്കുന്നത്. ”ഇടതുപക്ഷത്തെയും, ബിജെപിയെയും ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയ മാലിക്’. ഇസ്ലാം എന്നാല്‍ കള്ള കടത്തും, തോക്കും, ലക്ഷദീപിലെ ഒളിവ് ജീവിതവും” എന്നാണ് നജീം ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലു, എന്‍.എസ് മാധവന്‍, രാഷ്ട്രീയ നേതാക്കള്‍ അടക്കം മാലിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം മാലിക്കിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നത്. മഹേഷ് നാരായണന്റെ മാസ്റ്റര്‍ പീസാണ് മാലിക്ക് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആമസോണ്‍ റിലീസ് ആയതിനാല്‍ വലിയൊരു തിയറ്റര്‍ എക്സ്പീരിയന്‍സാണ് നഷ്ടമായെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിലെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

മാലിക്ക് തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാലിക്ക് ഒരു ഫിക്ഷണല്‍ കഥ മാത്രമാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ പറഞ്ഞ് പോകുന്ന സംഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധപ്പെടുത്തണമെങ്കില്‍ അങ്ങനെ ആവാമെന്നും മഹേഷ് നാരായണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്.

Vijayasree Vijayasree :